മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രത്തിന് വിജിലൻസ് അംഗീകാരം

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി. കേസിലെ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ ഒദ്യോഗികമായി അംഗീകാരം നൽകി. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിലാണ് ഇപ്പോൾ അന്വേഷണം പൂർത്തിയായിരിക്കുന്നത്. ഇക്കാര്യം അന്വേഷണസംഘം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രമുഖരാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇതുകൂടാതെ മറ്റ് രണ്ട് കേസുകളിൽ കൂടി അന്വേഷണം അന്തിമഘട്ടത്തിലാണെന്നും വിജിലൻസ് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിനിടെ വിജിലൻസിന്റെ നിസ്സംഗതയ്ക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് കടുത്ത ഭാഷയിലാണ് കഴിഞ്ഞദിവസം വിമർശനം ഉന്നയിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് വിജിലൻസ് ഡയറക്ടറുടെ അടിയന്തിര നടപടി.
കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ കുറ്റപ്പെടുത്തി. കേസ് കൃത്യമായി കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലേ എന്നും കോടതി ചോദിച്ചു. മൂന്നാഴ്ചയ്ക്കകം കൃത്യമായ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ നിലവിലെ അന്വേഷണ ചുമതലയുള്ള എസ്.പി. എസ്. ശശിധരനെ സ്ഥാനത്തുനിന്ന് മാറ്റുമെന്നും പകരം മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും കോടതി കടുത്ത മുന്നറിയിപ്പ് നൽകി.
അന്വേഷണ ഉദ്യോഗസ്ഥന് മേൽ ബാഹ്യമായ ചില സമ്മർദ്ദങ്ങളുണ്ടെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, “കോടതിയെ കളിയാക്കരുത്” എന്നും ഓർമ്മിപ്പിച്ചു. പിന്നോക്ക ജനവിഭാഗങ്ങളെ സഹായിക്കാനെന്ന പേരിൽ നടന്ന കോടികളുടെ അഴിമതിയാണ് ഈ കേസിന് ആധാരം. 2016-ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയെത്തുടർന്നാണ് ഈ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം ആരംഭിക്കുന്നത്. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും മൈക്രോ ഫിനാൻസ് പദ്ധതിക്കായി കോടിക്കണക്കിന് രൂപ എസ്.എൻ.ഡി.പി യോഗം വായ്പയായി കൈപ്പറ്റിയിരുന്നു. വിവിധ എസ്.എൻ.ഡി.പി ശാഖകൾ വഴി വിതരണം ചെയ്യാനായി വാങ്ങിയ ഈ തുക യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തിയില്ലെന്നാണ് കേസ്.



