ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; കുടുംബത്തിന്റെ ആശങ്കകൾ കേട്ടു, ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയെന്ന് ബന്ധുക്കൾ

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പൊലീസ് വിവരമറിയിക്കാൻ വൈകിയെന്നും അതിനിടയിൽ ജഡ്ജി തെളിവ് നശിപ്പിച്ചെന്നും മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ് ജയബാലകൃഷ്ണന്റെ കുടുംബം. ജയബാലകൃഷ്ണന്റെ കുടുംബത്തെ ചിറ്റൂരിലെ വീട്ടിലെത്തി മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. 17കാരന്റെ ജാമ്യം റദ്ദാക്കാൻ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിൽ ഗുരുതര പിഴവാണ് പ്രൊസിക്യൂഷൻ വരുത്തിയത്. പ്രായപൂർത്തിയാകാത്തയാളുടെ പേര് വിവരങ്ങളോടെ അപ്പീൽ നൽകിയത് ശിക്ഷാര്‍ഹമാണെന്ന് കോടതി ഓർമ്മപ്പെടുത്തി.

17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ആറാം ദിനം. കരച്ചിലടങ്ങാത്ത ചിറ്റൂരിലെ ജയബാലകൃഷ്ണൻ്റെ കുടുംബവീട്ടിലേക്ക് ഇന്ന് മുഖ്യമന്ത്രിയെത്തി. കുടുംബത്തിന്റെ പരാതി കേട്ടു. ആശ്വസിപ്പിച്ചു. അപകടവിവരം പൊലീസ് വൈകിയാണ് കുടുംബത്തെ അറിയിച്ചതെന്നും ഈ സമയത്തിനുള്ളിൽ 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിയെത്തി തെളിവ് നശിപ്പിച്ചെന്നും കുടുംബം മുഖ്യമന്ത്രിയോട് പറഞ്ഞു.

17കാരന്റെ ജാമ്യം റദ്ദാക്കാൻ അഡീഷണൽ സെഷൻസ് കോടതിയിൽ പൊലീസ് നൽകിയ അപ്പീലിലാണ് ഗുരുതര പിഴവുണ്ടായത്. പ്രായപൂർത്തിയാകാത്തയാളുടെ പേര് വിരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പ്രോസിക്യൂഷൻ അപ്പീൽ. ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ അപ്പീലിലും കുട്ടിയുടെ പേര് വിവരങ്ങളടങ്ങിയിരുന്നു.

ഇങ്ങനെയാണോ അപ്പീൽ നൽകുന്നത് എന്ന് കോടതി ചോദിച്ചു. ജെജെ ആക്ട് പ്രകാരം രണ്ട് വർഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പേര് വിവരങ്ങൾ ഒഴിവാക്കി പുതിയ അപ്പീൽ നൽകാൻ നിർദ്ദേശം നൽകി. നാളെ കേസ് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുമ്പോൾ കുടുംബത്തിന്റെ അഭിഭാഷകൻ ശ്രീജിത്തിനെ, ജയബാലകൃഷ്ണന്റെ അനന്തരവൾ ജയലക്ഷ്മി എതിർത്തത് നാടകീയരംഗങ്ങൾക്ക് ഇടയാക്കി.

ജയബാലകൃഷ്ണന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി വക്കാലത്ത് ഒപ്പിടീപ്പിച്ചെന്നായിരുന്നു ജയലക്ഷ്മി കോടതിയിൽ പറഞ്ഞത്. എന്നാൽ മകളാണ് വക്കാലത്ത് ഏൽപ്പിച്ചതെന്ന് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുടുംബമാണ് അഭിഭാഷകൻ ശ്രീജിത്തിനെ കേസ് ഏൽപ്പിച്ചതെന്നും ജയബാലകൃഷ്ണന്റെ മകൾ പിന്നീട് വ്യക്തമാക്കി.

ചേരാനല്ലൂർ കേസിലെ വീഴ്ചകൾക്ക് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ കാളിരാജ് മഹേഷ്കുമാർ ഇന്ന് ഓഫീസൊഴിഞ്ഞു. 17കാരനായി അഡീഷണൽ ജഡ്ജിയുൾപ്പടെ ആരും തന്നെ വിളിച്ചിട്ടില്ലെന്ന് പടിയിറങ്ങവേ കാളിരാജ് മഹേഷ്കുമാർ. കാളിരാജിന് പകരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ആർ.നിശാന്തിനി ചുമതലയേറ്റു. ചേരാനല്ലൂർ കേസിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്ന് പുതിയ കമ്മീഷണർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button