‘സഹോദരനെപ്പോലെ സ്നേഹം’; സലിം കുമാർ അനുസ്മരണത്തിൽ രമേശ് ചെന്നിത്തല

തിരുവനന്തപുരം: അന്തരിച്ച നടൻ സലിം കുമാറിനെ അനുസ്മരിച്ച് മുൻ ആഭ്യന്തര രമേശ് ചെന്നിത്തല. സലിം കുമാറിനെ ഒരു സഹോദരനെപ്പോലെ സ്നേഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ഇന്ദിരാഭവനിൽ കെ.പി.സി.സി. സാംസ്‌കാരിക സാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സലിം കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു സലിം കുമാറെന്ന് ചെന്നിത്തല അനുസ്മരിച്ചു.

വ്യക്തിപരമായ നിലപാടുകൾ തുറന്നുപറയാൻ മടി കാണിക്കാത്ത ധൈര്യശാലിയായിരുന്നു സലിം കുമാറെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിൽ അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്ന കാലത്തും താൻ കോൺഗ്രസുകാരനാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ അദ്ദേഹം മടിച്ചില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അസുഖബാധിതനായിരുന്ന സമയത്തും തിരഞ്ഞെടുപ്പ് കാലങ്ങളിൽ പാർട്ടിയുടെ വിജയത്തിനായി അദ്ദേഹം സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ ആർജ്ജവം കോൺഗ്രസ് പ്രവർത്തകർക്ക് വലിയ പ്രചോദനമായിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

കെ.പി.സി.സി. സാംസ്‌കാരിക സാഹിതി വർക്കിംഗ് പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷനായ ചടങ്ങിൽ പാലോട് രവി, നെയ്യാറ്റിൻകര സനൽ, സി.ആർ. മഹേഷ് എം.എൽ.എ., മണക്കാട് സുരേഷ്, പന്തളം സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, നടി പ്രിയങ്ക, സംവിധായകൻ ആലപ്പി അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button