ഇൻസ്റ്റഗ്രാം പരിചയം വിശ്വസിച്ചു പണം നഷ്ടം; യുവാവിന് കിട്ടിയത് വൻ അക്കിടി

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. നെടുങ്കാട് സ്വദേശിനിയായ ബി.വി. അർച്ചന (26) ആണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്.
പൊലീസ് പറയുന്നതനുസരിച്ച്, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് താൻ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് അർച്ചന തട്ടിപ്പ് ആരംഭിച്ചത്. തുടർന്ന് അതേ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോലി ലഭിക്കുമെന്നു പറഞ്ഞ് യുവാവിനെ വിശ്വസിപ്പിച്ചു.
ജോലി ഉറപ്പാക്കുന്നതിനായി വിവിധ ദിവസങ്ങളിലായി യുവാവിന്റെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 63,380 രൂപ കൈപ്പറ്റിയതായും പൊലീസ് അറിയിച്ചു. പിന്നീട് ജോലി ലഭിക്കില്ലെന്ന് മനസിലായതോടെയാണ് യുവാവ് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അർച്ചനയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.



