കോഴിക്കോട്ടെ സ്ട്രോംഗ് റൂം വിവാദം; ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറന്നതും കൊയിലാണ്ടി സ്ട്രോംഗ് റൂം പരിസരത്ത് റിട്ടേണിംഗ് ഓഫീസർ സന്ദർശിച്ചതും ചട്ടലംഘനമല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ആണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയത്.
പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വരണാധികാരികളെ മാറ്റണമെന്ന ആവശ്യവുമായി ഡി.സി.സി പ്രസിഡന്റും കൊയിലാണ്ടി യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ. പ്രവീൺകുമാർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കെൽക്കർ ഹിയറിംഗ് നടത്തി.
ഹിയറിംഗിന് ശേഷമാണ് നടപടികൾ ചട്ടലംഘനമല്ലെന്ന് കണ്ടെത്തി പരാതി തീർപ്പാക്കിയത്. പോളിംഗ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മെറ്റീരിയൽ റൂമാണ് തുറന്നതെന്നും, വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
കൊയിലാണ്ടി മണ്ഡലത്തിലെ വരണാധികാരിയുടെ സ്ട്രോംഗ് റൂം പരിസര സന്ദർശനം പതിവ് പരിശോധനയുടെ ഭാഗമാണെന്നും അതിൽ ചട്ടലംഘനമില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയതായി കലക്ടർ അറിയിച്ചു.
ഏപ്രിൽ 20നാണ് പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറന്നത്. ഇതിൽ അട്ടിമറി ഉണ്ടായെന്നായിരുന്നു യുഡിഎഫ് ആദ്യം ആരോപിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തോടെ വിഷയത്തിൽ വ്യക്തത ലഭിച്ചതായി അധികൃതർ അറിയിച്ചു.



