കർണാടകയിൽ നേതൃമാറ്റം; ജൂൺ 3ന് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും: കെ.സി. വേണുഗോപാൽ

ബെംഗളൂരു: കർണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിച്ചതായും ജൂൺ 3ന് വൈകിട്ട് 4 മണിക്ക് ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
പാർട്ടിക്കുള്ളിൽ വലിയ ഭിന്നതകളും പൊട്ടിത്തെറികളും പ്രതീക്ഷിച്ചിരുന്ന രാഷ്ട്രീയ എതിരാളികൾക്ക് ഈ തീരുമാനം തിരിച്ചടിയായതായി വേണുഗോപാൽ പറഞ്ഞു. അധികാര കൈമാറ്റത്തിന് വഴിയൊരുക്കുന്നതിൽ സിദ്ധരാമയ്യയുടെ പാർട്ടി കൂറും സഹകരണവുമാണ് നിർണായകമായതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സിദ്ധരാമയ്യ തയ്യാറായത് കോൺഗ്രസ് ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്ത് സമീപകാലത്ത് നടന്ന ഏറ്റവും സുഗമമായ അധികാര കൈമാറ്റങ്ങളിലൊന്നാണ് കർണാടകയിൽ നടന്നതെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.
ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പാർട്ടി കൂടുതൽ ശക്തിപ്പെടുമെന്നും, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
2028ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും വേണുഗോപാൽ പ്രകടിപ്പിച്ചു.



