ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിതിൻരാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരസിച്ചത്.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ (പിഡിപിപി) നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതേസമയം, വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്തു. ആറ്റുകാൽ മുൻ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.
അന്വേഷണം തുടരുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
അതേസമയം, പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഡിജിപിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്



