കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യയാത്ര ജൂൺ 15 മുതൽ; സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി കടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച പദ്ധതി അധികാരത്തിലെത്തിയതിന് പിന്നാലെ നടപ്പാക്കുന്നതായി അറിയിക്കപ്പെടുന്നു.
ഈ നീക്കം സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന ആശങ്ക തുടക്കത്തിൽ മുതൽ ഉയർന്നിരുന്നു. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര കൂടുതൽ യാത്രക്കാരെ ആകർഷിക്കുമ്പോൾ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ കുറവ് സംഭവിക്കുമെന്നാണ് ബസ് ഉടമകളുടെ വിലയിരുത്തൽ.
ഇന്ധനവിലയിൽ തുടർച്ചയായ വർധനയും സ്വകാര്യ ബസ് മേഖലയെ ബാധിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായ നിരന്തര വർധന പ്രവർത്തന ചെലവ് ഉയർത്തിയതായി ഓപ്പറേറ്റർമാർ പറയുന്നു.
ജീവനക്കാരുടെ ശമ്പളം, വാഹന പരിപാലനം എന്നിവ ചേർന്ന് വരുമാനത്തെക്കാൾ ചെലവ് കൂടുതലാകുന്ന അവസ്ഥയിലാണെന്ന് ബസ് ഉടമകൾ വ്യക്തമാക്കുന്നു. ഇതിന് പുറമേ അന്യസംസ്ഥാന തൊഴിലാളികളുടെ കുറവും യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് സൃഷ്ടിച്ചിട്ടുണ്ട്.
സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥി യാത്രക്കാരുടെ വർധന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അതിനൊപ്പം കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി കൂടി വരുന്നത് സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.



