വിഴിഞ്ഞത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു -ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം

0

വിഴിഞ്ഞം: വിഴിഞ്ഞത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും യാത്രക്കാരുമുള്‍പ്പെടെ ആറ് പേരെ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ വിഴിഞ്ഞം – മുക്കോല റോഡില്‍ പുതിയ പാലത്തിന് സമീപം പട്രോള്‍ പമ്പിന് മുന്നിലെ വളവിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് പൂവാറിലേക്ക് പോവുകയായിരുന്ന കെ. എസ് .ആര്‍. ടി. സി സ്വിഫ്റ്റ് ബസ് നിയന്ത്രണം തെറ്റി പൂവാറിന്‍നിന്ന് യാത്രക്കാരുമായി വിഴിഞ്ഞത്തേക്ക് വരുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍വശം ഇടിച്ച് തകര്‍ത്ത സ്വിഫ്റ്റ് ബസ് സമീപത്തെ ഇലക്ര്ടിക് പോസ്റ്റും തകര്‍ത്താണ് നിന്നത്.

ഇടി യുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍ ജിനീഷ് (45) കണ്ടക്ടര്‍ അനില (34), കെ. എസ്. ആര്‍.ടി.സി ഡ്രൈവര്‍ ബിജു (47 ),കണ്ടക്ടര്‍ അരുണ്‍ (36) യാത്രക്കാരായ മണക്കാട് സ്വദേശി മഹേശ്വരി (29), എറണാകുളം സ്വദേശി ഗായത്രി (22) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവിന്റെ പരിക്ക്ഗുരുതരമെന്ന് പോലീസ് അറിയിച്ചു.പരിക്കേറ്റ യാത്രക്കാരെ വിഴിഞ്ഞം പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.ഇരു ബസുകളുടെയും മുന്‍ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. രാത്രി എട്ടരയോടെ ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗത തടസം ഒഴിവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here