കോൺഗ്രസിൽ സസ്പെൻസ് തുടരുന്നു; മുഖ്യമന്ത്രി പദത്തിൽ ഇന്ന് നിർണായക നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക്. കോൺഗ്രസിന്റെ നിയുക്ത എംഎൽഎമാരുടെ നിലപാട് മനസിലാക്കിയ എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രി പദത്തിനായുള്ള ചർച്ചകളിൽ കെ സി വേണുഗോപാലിനും വി ഡി സതീശനും രമേശ് ചെന്നിത്തലക്കും അനുകൂലമായി വിവിധ പക്ഷങ്ങൾ ശക്തമായി രംഗത്തുണ്ട്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് കെ സി പക്ഷത്തിന്റെ അവകാശവാദം. അതേസമയം, ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശന് ശക്തമായ പിന്തുണയാകുമെന്ന വിലയിരുത്തലിലാണ് സതീശൻ ക്യാംപ്.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ വെറും എംഎൽഎമാരുടെ എണ്ണമല്ല, മുന്നണി രാഷ്ട്രീയവും ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കണമെന്ന് വി ഡി പക്ഷം ആവശ്യപ്പെടുന്നു. ജനപിന്തുണയും പൊതുവികാരവും തനിക്കനുകൂലമാണെന്ന് ഹൈക്കമാൻഡ് തിരിച്ചറിയുമെന്ന ആത്മവിശ്വാസത്തിലാണ് സതീശൻ ക്യാംപ്.
അതേസമയം, സീനിയോറിറ്റി നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല പക്ഷം. 20ലേറെ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ആർസി വിഭാഗത്തിന്റെ അവകാശവാദം. അന്തിമ തീരുമാനത്തിനായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഇന്നോ നാളെയോ ദില്ലിയിലേക്ക് ഹൈക്കമാൻഡ് വിളിപ്പിക്കുമെന്നാണ് സൂചന.
ഇതിനിടെ, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവന ലീഗിൽ അസ്വസ്ഥത സൃഷ്ടിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കത്തിലേക്ക് ലീഗിനെ വലിച്ചിഴക്കുന്നത് അനാവശ്യമാണെന്ന വികാരമാണ് ലീഗ് നേതൃത്വത്തിനുള്ളത്.
മാത്യു കുഴൽനാടനെതിരെ കെഎംസിസി നേതാവ് പുത്തൂർ റഹ്മാൻ രംഗത്തെത്തി. മുന്നണി രാഷ്ട്രീയം ഒറ്റക്കക്ഷി തീരുമാനമല്ലെന്നും മധ്യപ്രദേശിലെ അനുഭവം കോൺഗ്രസ് ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.



