കനത്ത മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും ഇടിമിന്നലും; നാല് ജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂ‍ർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. വരുംദിവസങ്ങളിലും മഴ തുടരും. നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി തെക്കൻ കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴി മുതൽ തെക്കുപടിഞ്ഞാറൻ മദ്ധ്യപ്രദേശ് വരെ, കർണാടകയുടെ ഉൾഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർ പാത്തി നിലനിൽക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *