മുഖ്യമന്ത്രി തീരുമാനം അന്തിമഘട്ടത്തിൽ; രാഹുൽ ഗാന്ധിയുടെ വിശാല കൂടിയാലോചന, ഹൈക്കമാൻഡ് പ്രഖ്യാപനത്തിലേക്ക് നീക്കം

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നീങ്ങുന്നു. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി വിശദമായ ചർച്ച നടത്തി. കൂടാതെ പ്രിയങ്ക ഗാന്ധിയുടേയും അഭിപ്രായം രാഹുൽ തേടിയതായാണ് വിവരം.

സഖ്യകക്ഷി നേതാക്കളുമായി വീണ്ടും ഫോൺ ചർച്ചകൾ നടത്താനും രാഹുൽ ഗാന്ധി തയ്യാറാകുന്നുവെന്നാണ് സൂചന. വിശാലമായ കൂടിയാലോചനകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

ഇതിനിടെ മുൻ കെപിസിസി അധ്യക്ഷന്മാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ ഇന്ന് രാത്രി തന്നെ ഡൽഹിയിലേക്ക് പുറപ്പെടും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാൽയുടെ പേര് പരിഗണിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കമാൻഡ് തലത്തിൽ നിർണായക നീക്കം ശക്തമാകുന്നത്. നിലവിൽ വേണുഗോപാലിനാണ് മുൻതൂക്കം ലഭിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകാമെന്നാണ് സൂചന. ഉപമുഖ്യമന്ത്രി പദവി ഉണ്ടാകില്ലെന്നും അന്തിമ ധാരണയുണ്ടായതായാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം നിയമസഭാ കക്ഷി യോഗം വിളിച്ച് നടത്തണമോ അതോ ഡൽഹിയിൽ ഹൈക്കമാൻഡ് നേരിട്ട് പ്രഖ്യാപിക്കണമോ എന്നതിലും ചർച്ച തുടരുന്നു.

അതേസമയം, സോണിയ ഗാന്ധിയുമായി ചില ഔപചാരിക ചർച്ചകൾ മാത്രമേ ഇനി ബാക്കിയുള്ളൂവെന്നാണ് വിവരം. ഘടകകക്ഷികൾക്ക് വലിയ എതിർപ്പ് ഇല്ലെന്നും കോൺഗ്രസിന് സ്വന്തം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന നിലപാട് അവർ അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button