കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി ഗൗരവമായി സിപിഎം; ബിജെപിയുടെ മുന്നേറ്റവും ആശങ്കയെന്ന് എം എ ബേബി

ദില്ലി: സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിയ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ തോൽവിയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ദില്ലിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

കേരളത്തിൽ മികച്ച ഭരണപ്രവർത്തനം നടത്തിയിട്ടും അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേരിട്ടതെന്നും അതിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചതും, ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്താണ് ബിജെപി നേട്ടമുണ്ടാക്കിയതെന്നും എം എ ബേബി ആരോപിച്ചു. ബംഗാളിലെ എസ്.ഐ.ആറിൽ അട്ടിമറി നടന്നുവെന്നും, അതിനെ “സ്പെഷ്യൽ ഇൻ്റെൻസീവ് റിമൂവൽ” എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ദില്ലിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് “പിന്നെ കാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതുവരെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പിണറായി വിജയൻ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

പിണറായിക്കൊപ്പം ഉണ്ടായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻയും പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി. പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള തീരുമാനം കേരളത്തിൽ തന്നെയായിരിക്കും ഉണ്ടാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ടുദിവസം നീണ്ട ദില്ലി പൊളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയും മുന്നണിയുടെ ഭാവി രാഷ്ട്രീയ തന്ത്രങ്ങളും വിശദമായി ചർച്ചയായതായി റിപ്പോർട്ടുകളുണ്ട്. യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വൈകിട്ട് നാല് മണിക്ക് വീണ്ടും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്നും സി.പി.എം നേതൃത്വം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button