കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; കെ.സി. വേണുഗോപാലിന് മുൻതൂക്കം എന്ന സൂചന, ദില്ലിയിൽ നിർണായക നീക്കം

തിരുവനന്തപുരം/ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള നിർണായക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് സൂചന. ഹൈക്കമാൻഡ് തീരുമാനം ഉച്ചയ്ക്ക് മുമ്പ് പുറത്തുവന്നേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
പ്രഖ്യാപനത്തോടെ കേരള രാഷ്ട്രീയത്തിൽ മാത്രമല്ല, കോൺഗ്രസ് ക്യാമ്പുകളിലും വലിയ ആകാംക്ഷയാണ് നിലനിൽക്കുന്നത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളെയാണ് പ്രധാനമായും പരിഗണനയിൽ കാണുന്നത്.
ദില്ലിയിൽ നടന്ന നിർണായക ചർച്ചയിൽ പങ്കെടുത്ത കേരള നേതാക്കളിൽ ഭൂരിപക്ഷം കെ.സി. വേണുഗോപാലിനാണ് പിന്തുണ നൽകിയതെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇതോടെ കെ.സിയെ തന്നെയാകും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽ ശക്തമാകുന്നത്.
എന്നാൽ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങൾ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ‘നമ്പറിന് അപ്പുറമാണെന്ന്’ ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരുപക്ഷവും വിലയിരുത്തുന്നു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. കേരളത്തിലെ സാഹചര്യം മനസ്സിലാക്കാനാണ് കൂടിയാലോചനകൾ നടത്തിയതെന്നും, എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് വിവരം.
സംഘടനയ്ക്കു നിരക്കാത്ത പ്രവണതകൾ ചിലയിടങ്ങളിൽ ഉണ്ടായതായി രാഹുൽ ഗാന്ധി നിരീക്ഷിച്ചതായും സൂചനയുണ്ട്. അന്തിമ പ്രഖ്യാപനത്തിന് മുൻപ് ഘടകകക്ഷികളുമായി നേരിട്ട് ചർച്ച നടത്തണോ എന്നതിലും ഇന്ന് തീരുമാനമെടുക്കും. അതിന് ശേഷമായിരിക്കും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരിക.



