നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: യഥാർത്ഥ പേപ്പർ പുറത്തായതായി സൂചന; അന്വേഷണം കേരളത്തിലേക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ അന്വേഷണം കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ. രാജസ്ഥാൻ പൊലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് നീട്ടിയത്.
ചോർത്തിയ ചോദ്യപ്പേപ്പറിന്റെ മാതൃക കേരളത്തിലും എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചോദ്യപ്പേപ്പർ ലഭിച്ച ഏകദേശം 200 വിദ്യാർത്ഥികളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നാസിക്കിലെ പ്രിന്റിംഗ് പ്രസിൽ നിന്നാണ് ചോദ്യപ്പേപ്പർ ചോർച്ച ആരംഭിച്ചതെന്നതാണ് പ്രാഥമിക കണ്ടെത്തൽ. ഇവിടെ നിന്ന് ചോദ്യപ്പേപ്പർ കൈപ്പറ്റിയ ശുഭം കർനിയാർ എന്നയാളിലേക്ക് വിവരങ്ങൾ എത്തിയതായും പിന്നീട് ഹരിയാനയിലെ ഡോക്ടർ വഴി മനീഷ് യാദവ്, രാകേഷ് കുമാർ എന്നിവരിലേക്ക് കൈമാറിയതായും അന്വേഷണത്തിൽ പറയുന്നു.
തുടർന്ന് ജയ്‌പൂർ, ഡൽഹി, കേരളം, ഡെറാഡൂൺ, ജമ്മു കാശ്മീർ, ബീഹാർ, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കും ഈ സംഘത്തിന്റെ ബന്ധം വ്യാപിച്ചതായി സംശയിക്കുന്നു. ടെലഗ്രാം, വാട്‌സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി 25,000 മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കി ചോദ്യപ്പേപ്പർ വിറ്റുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
ചോദ്യപ്പേപ്പർ ‘മാതൃകാ പേപ്പർ’ എന്ന പേരിൽ മാറ്റി വിതരണം ചെയ്തതായി സൂചനയുണ്ട്. ബയോളജി ചോദ്യങ്ങളിൽ 90 എണ്ണവും കെമിസ്ട്രിയിലെ 45ൽ 35 എണ്ണവും യഥാർത്ഥ പരീക്ഷാ ചോദ്യങ്ങളുമായി സാമ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
കേരളത്തിലെ ചുരു സ്വദേശിയായ ഒരു മെഡിക്കൽ വിദ്യാർത്ഥിക്കും ഈ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇയാൾ വഴി കേരളത്തിലെ ചില വിദ്യാർത്ഥികൾക്കും പേപ്പർ ലഭിച്ചതായും സംശയിക്കുന്നു.
അതേസമയം, കേസിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (FAIMA) ഹർജി സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം സിബിഐ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തുടരുകയാണ്.



