“സർക്കാരിന്റെ അറിവില്ലാതെ നടക്കില്ല”; വിഴിഞ്ഞം കരാറിൽ വിശദീകരണം തേടി രാജീവ് ചന്ദ്രശേഖർ

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനോട് ചോദിക്കാതെയാണ് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിയുമായി ധാരണയുണ്ടാക്കിയതെന്ന് താൻ ഒട്ടും വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

താനും വർഷങ്ങളായി ബിസിനസ് രംഗത്തുള്ള ആളാണെന്നും, സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ ഇത്തരമൊരു വൻകിട കരാർ ചെയ്യാൻ ധൈര്യമുള്ള ഒരൊറ്റ കോർപ്പറേറ്റ് ഗ്രൂപ്പും ഇന്ത്യയിലില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒന്നുകിൽ മുഖ്യമന്ത്രിയും സർക്കാരും ജനങ്ങളെ പച്ചയ്ക്ക് തെറ്റിദ്ധരിപ്പിക്കുകയാണ്, അല്ലെങ്കിൽ ഭരണം എങ്ങനെ നടത്തണമെന്ന് അറിയാത്ത അത്രമാത്രം അപ്രാപ്തരാണ് അവരെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായ വിഴിഞ്ഞം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ വലിയ സാമ്പത്തിക-ഭരണപരമായ പിന്തുണയാണ് നൽകിയത്. തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല താൽക്കാലികമായി ഒരു സ്വകാര്യ ഗ്രൂപ്പിനാണെങ്കിലും അവിടുത്തെ കസ്റ്റംസ് പരിശോധനയും സുരക്ഷയും ഉൾപ്പെടെയുള്ള ഏറ്റവും നിർണ്ണായകമായ കാര്യങ്ങൾ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

അതുകൊണ്ടുതന്നെ വിദേശ കമ്പനിയുടെ വരവോടെ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്കും തൊഴിലവസരങ്ങൾക്കും സ്വകാര്യ നിക്ഷേപങ്ങൾ അത്യാവശ്യമാണെന്നും ബിജെപി ഇതിനെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്കിലും, വിഴിഞ്ഞം പദ്ധതി ഒരു കേവല സ്വകാര്യ പ്രൊജക്റ്റ് അല്ലെന്നും ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും 6,000 കോടിയോളം രൂപ ചെലവഴിച്ച പി.പി.പി (പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) മോഡൽ പദ്ധതിയാണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. അതിനാൽ അദാനിയുമായി ഒപ്പിട്ട പുതിയ കരാറിലെ എല്ലാ നടപടികളിലും പൂർണ്ണമായ സുതാര്യത വേണം.

ഈ പദ്ധതിയിലൂടെ സാധാരണ ജനങ്ങൾക്ക് എന്ത് ഗുണമാണ് ലഭിക്കുകയെന്നും, എത്ര യുവാക്കൾക്ക് തൊഴിൽ കിട്ടുമെന്നും, എത്ര വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് എത്ര കോടി രൂപ വരുമാനമായി തിരികെ ലഭിക്കുമെന്നും വ്യക്തമാക്കുന്ന ‘ധവളപത്രം’ പുറത്തിറക്കാൻ സർക്കാർ തയ്യാറാകണം. മുൻപത്തെ സി.പി.എം ഭരണകാലത്തെ കരാറും ഇപ്പോഴത്തെ കരാറും തമ്മിലുള്ള യഥാർത്ഥ വ്യത്യാസമെന്താണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button