എട്ട് വനിത പ്രക്ഷോഭകരെ വധിക്കുന്നതിൽ നിന്ന് ഇറാൻ പിന്മാറി, ട്രംപിന്റെ പുതിയ അവകാശ വാദം

വാഷിങ്ടൺ: ഇറാനിൽ ആഭ്യന്തര പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റിലായ എട്ട് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതിൽ നിന്നും ഇറാൻ പിന്മാറിയെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. തന്‍റെ വാക്കുകൾ ഇറാനും നേതാക്കളും കേട്ടെന്നും ഇന്ന് നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിയെന്നുമാണ് ട്രംപിന്‍റെ പുതിയ അവകാശവാദം. നാല് പേരെ ഇറാൻ ഉടനെ വിട്ടയക്കുമെന്നും മറ്റുള്ളവർക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് വനിതകളെ വിട്ടയക്കണമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആഭ്യന്തര പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റിലായ എട്ട് സ്ത്രീകൾക്ക് വധശിക്ഷ വിധിച്ചുവെന്ന വാർത്തകൾ തള്ളി ഇറാനിയൻ ജുഡീഷ്യറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രക്ഷോഭകരായ സ്ത്രീകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാൻ ട്രംപിന്‍റെ വാദങ്ങളെ തള്ളിയത്. പ്രതിഷേധങ്ങളിൽ പങ്കെടുത്ത വനിതകളെ ഉപദ്രവിക്കരുതെന്ന ട്രംപിന്‍റെ അഭ്യർത്ഥനക്ക് പിന്നാലെ വിഷയം വലിയ ചർച്ചയായിരുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ രാജ്യാന്തര തലത്തിൽ ചർച്ചയായതോടെ വിഷയത്തിൽ ഇറാൻ ജുഡീഷ്യറി തന്നെ വ്യക്തത വരുത്തിയത്.

ഡോണൾഡ് ട്രംപ് വീണ്ടും വ്യാജ വാർത്തകൾക്ക് പിന്നാലെ പോയിരിക്കുകയാണെന്ന് ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ‘മിസാൻ ഓൺലൈൻ’ പരിഹസിച്ചു. വധശിക്ഷയുടെ വക്കിലാണെന്ന് ആരോപിക്കപ്പെട്ട സ്ത്രീകളിൽ ചിലരെ ഇതിനോടകം വിട്ടയച്ചു കഴിഞ്ഞു. മറ്റുള്ളവർ ഗൗരവകരമായ കുറ്റങ്ങൾ നേരിടുന്നുണ്ടെങ്കിലും അവർക്ക് പരമാവധി ലഭിക്കാവുന്നത് തടവുശിക്ഷ മാത്രമാണ്’, മിസാൻ ഓൺലൈൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *