ഇന്‍വെസ്റ്റ് കേരള: പദ്ധതികളുടെ അന്തിമപട്ടിക
രണ്ടാഴ്ചയ്ക്കുള്ളിലെന്ന് മന്ത്രി രാജീവ്

കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിഞ്ഞതായി വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്. സമാപനച്ചടങ്ങ് നടക്കുമ്പോഴും താല്‍പ്പര്യപത്രം ലഭിച്ചുകൊണ്ടിരുന്നു. അന്തിമപട്ടികയില്‍ നിക്ഷേപകരുടെ എണ്ണവും തുകയും ഉയരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപകസംഗമം വന്‍ വിജയമായി മാറി.
രണ്ടാഴ്ചക്കുള്ളില്‍ സ്‌ക്രീന്‍ ചെയ്ത് അന്തിമപട്ടിക തയാറാക്കും. 50 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപം വ്യവസായ ഡയറക്ടറേറ്റ് വഴി ഫോളോഅപ് ചെയ്യും. ഇതിനായി വ്യവസായ ഡയറക്ടറേറ്റില്‍ ഒരു പ്രത്യേക ടീമിനെ സജ്ജമാക്കും. കെ.എസ്.ഐ.ഡി.സിയിലും തുടര്‍നടപടികള്‍ക്കു പ്രത്യേക ടീമിനെ നിയോഗിക്കും. ഒരോ ടീമിന്റെയും നേതൃത്വത്തിന് ഏഴ് ഓഫീസര്‍മാരുണ്ടാകും. ടീമില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. സമാനസ്വഭാവമുള്ള വ്യവസായ നിര്‍ദേശങ്ങളെ ഏഴു മേഖലകളായി കോര്‍ത്തിണക്കി മാനേജര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ ചുമതലയിലായിരിക്കും ഏഴു സംഘങ്ങള്‍ക്കു രൂപം നല്‍കുക.
ഓരോ മേഖലയിലെയും പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴംഗ ടീമിനോടൊപ്പം അതതു മേഖലയിലെ വിദഗ്ധരെക്കൂടി ചുമതലപ്പെടുത്തും. ആദ്യഘട്ടത്തില്‍ 12 വിദഗ്ധരെ നിയമിക്കാനാണു ലക്ഷ്യമിടുന്നത്.
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി വഴി ലഭിച്ച പ്രോജക്ടുകളുടെ നിര്‍മാണ പുരോഗതി ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡ് വഴി പൊതുമണ്ഡലത്തില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയിലൊരിക്കല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പദ്ധതികളുടെ പുരോഗതിയുടെ വിശകലനം ചെയ്യും. മാസംതോറും വ്യവസായമന്ത്രിയുടെ അധ്യക്ഷതയിലും പദ്ധതികള്‍ വിലയിരുത്തും. വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന നയങ്ങളും ഫ്രെയിംവര്‍ക്കുകളും രണ്ടുമാസത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തും. വിശദാംശങ്ങള്‍ പരിശോധിക്കുന്ന മുറയ്ക്ക് നാലുമാസത്തിനുള്ളില്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിത്തുടങ്ങാന്‍ സാധിച്ചേക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
കേരളത്തില്‍ വ്യവസായങ്ങള്‍ക്കു നല്‍കാന്‍വേണ്ടി ലഭ്യമായ ഭൂമിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പോര്‍ട്ടല്‍ രൂപീകരിക്കും. കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, വ്യവസായ ഡയറക്ടറേറ്റ്, അനുമതി ലഭിച്ച സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ എന്നിവയ്ക്കു കീഴിലുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ ഇതിലുണ്ടാകും. കൂടാതെ, സ്വകാര്യമേഖലയില്‍നിന്ന് വ്യവസായത്തിനായി ഭൂമിനല്‍കാന്‍ താല്‍പ്പര്യമുള്ളവരുടെ ഭൂമിവിവരങ്ങളും ഇതില്‍ നല്‍കും. ഇതുവരെ 372 പദ്ധതികള്‍ക്കുള്ള താല്‍പര്യപത്രമാണു ലഭിച്ചത്. 1.52 ലക്ഷം കോടിയില്‍ പരം രൂപയുടെതാണ് ഈ പദ്ധതികള്‍. ഇന്‍വെസ്റ്റ് കേരളയ്ക്ക് സര്‍ക്കാരുമായി സഹകരിച്ച വ്യവസായ-വാണിജ്യ സംഘടനകളുടെ യോഗം രണ്ടാഴ്ചയ്ക്കുള്ളില്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.
ഉച്ചകോടിയിലെ വിവിധ സെഷനുകളില്‍ നടന്ന ചര്‍ച്ചകളുടെ സംക്ഷിപ്ത വിവരണവും ചര്‍ച്ചകളുടെ മുഴുവന്‍ വീഡിയോയും ഇന്‍വെസ്റ്റ് കേരള വെബ്‌സൈറ്റ് വഴി ലഭ്യമാക്കും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി: എസ്. ഹരികിഷോര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എം.ഡി: സന്തോഷ് കോശി തോമസ്, കെ-ബിപ് സി.ഇ.ഒ. സൂരജ് എസ്. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



