ഗാർഡ് ഓഫ് ഓണർ ഒഴിവാക്കാൻ നിർദേശം; മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തിലും വെട്ടിക്കുറവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകിവരുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കണമെന്ന നിർദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് നിർദേശം നൽകിയതായാണ് വിവരം. നിലവിലെ സാഹചര്യത്തിൽ ഗാർഡ് ഓഫ് ഓണർ അനാവശ്യമായ ആർഭാടമാണെന്നാണ് വിലയിരുത്തൽ.
പൊലീസിൽ ആവശ്യത്തിന് അംഗബലം ഇല്ലാത്ത സാഹചര്യത്തിൽ ഗാർഡ് ഓഫ് ഓണർ തുടരേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വി.ഡി. സതീശൻ ചോദിച്ചു. മുഖ്യമന്ത്രി സർക്കാർ ഗസ്റ്റ് ഹൗസുകളിൽ താമസിക്കുമ്പോഴാണ് നിലവിൽ ഗാർഡ് ഓഫ് ഓണർ നൽകിവരുന്നത്. ആർഭാടച്ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ സംവിധാനത്തിൽ മാറ്റം കൊണ്ടുവരാനുള്ള ആലോചന പൊലീസ് വിഭാഗം ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും നേരത്തെ തന്നെ മാറ്റങ്ങൾ നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന നിലപാടിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങളെന്നും വിലയിരുത്തപ്പെടുന്നു. പൈലറ്റും എസ്കോർട്ട് വാഹനവും ഒഴികെയുള്ള അനാവശ്യ അകമ്പടി വാഹനങ്ങൾ ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം.
നിലവിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്കോർട്ട്-1, എസ്കോർട്ട്-2, ആംബുലൻസ്, സ്പെയർ വാഹനം, സ്ട്രൈക്കർ ഫോഴ്സ് എന്നിവ ഉൾപ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹം. സുരക്ഷാ റിപ്പോർട്ടുകളും ഔദ്യോഗിക പരിപാടികളുടെ സ്വഭാവവും അനുസരിച്ച് വാഹനങ്ങളുടെ എണ്ണത്തിലും ക്രമീകരണങ്ങളിലും കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുത്താറുണ്ട്. പുതിയ നിർദേശങ്ങൾ നടപ്പായാൽ മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിൽ കൂടുതൽ ലളിതവത്കരണം ഉണ്ടാകുമെന്നാണ് സൂചന.



