ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കൽ: മുൻസിഫ് കോടതി ഉത്തരവിന് സ്റ്റേ തേടി സർക്കാർ

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം ഒമ്പതിനകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന നിർദേശമാണ് സർക്കാർ ചോദ്യം ചെയ്തിരിക്കുന്നത്.

ഹൈക്കോടതി നേരത്തെ സാവകാശം അനുവദിച്ച വിഷയത്തിൽ മുൻസിഫ് കോടതി അന്തിമ നിർദേശം നൽകിയതാണ് ഹർജിക്ക് ആധാരം. കോടതി ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാരിന്റെ വാദം. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കുടിയൊഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് കോടതി ആവർത്തിച്ച് നിർദേശിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, കുടിയൊഴിപ്പിക്കൽ നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അഭിഭാഷക കമ്മീഷൻ മറ്റന്നാൾ വീണ്ടും മലയിടംതുരുത്തിലെത്തും. അതേസമയം, വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമാണുള്ളതെന്ന് കേരള ദരിദ്ര ഭൂരഹിത കർഷക തൊഴിലാളി സംഘടന വ്യക്തമാക്കി.

സംഘടനയുടെ പ്രവർത്തകൻ അഷറഫിന്റെ നേതൃത്വത്തിൽ റവന്യു മന്ത്രിയുമായും പിന്നോക്ക ക്ഷേമ മന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. പുറമ്പോക്ക് ഭൂമി അളക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിൽ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ചായിരിക്കും തുടർനടപടികളെന്നും മന്ത്രിമാർ അറിയിച്ചതായി അഷറഫ് വ്യക്തമാക്കി.

അതേസമയം, കുടിയൊഴിപ്പിക്കൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമമുണ്ടായാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഹൈക്കോടതിയുടെ നിലപാട് എന്താകുമെന്നതിലാണ് ഇപ്പോൾ മലയിടംതുരുത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഭാവി ആശ്രയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button