ചരിത്രം കുറിച്ച് ഇന്ത്യൻ ഡോക്ടർ; വുഹാനിൽ നിന്ന് ഹൈദരാബാദിൽ റോബോട്ടിക് ശസ്ത്രക്രിയ

വുഹാൻ/ഹൈദരാബാദ്: ചൈനയിലെ വുഹാനിൽ ഇരുന്ന് ഇന്ത്യയിലെ ഹൈദരാബാദിലെ രോഗിക്ക് വിജയകരമായി റോബോട്ടിക് ശസ്ത്രക്രിയ നടത്തി ഇന്ത്യൻ ഡോക്ടർ. മെഡിക്കൽ രംഗത്ത് വലിയ മുന്നേറ്റമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.

ടോംഗ്ജി ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ. സയ്യിദ് മുഹമ്മദ് ഗൗസ് ആണ് അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയത്. ചൈനീസ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ച റോബോട്ടിക് സംവിധാനവും 5G കണക്റ്റിവിറ്റിയും ഉപയോഗിച്ചാണ് വെറും 90 മിനിറ്റിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

മൂത്രാശയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ് വിജയകരമായി നടത്തിയത്. വുഹാനിലെയും ഹൈദരാബാദിലെയും മെഡിക്കൽ സംഘങ്ങളുടെ കൃത്യമായ ഏകോപനത്തിലൂടെയാണ് പ്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് മുൻപ് രോഗിയുടെ എല്ലാ മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ച് റോബോട്ടിക് കൈകളുടെ ചലനപഥം മുൻകൂട്ടി നിശ്ചയിച്ചിരുന്നു.

ഹൈദരാബാദിലെ ഓപ്പറേഷൻ തിയേറ്ററിൽ രോഗിയെ അനസ്തേഷ്യ നൽകി സജ്ജമാക്കിയ ശേഷം, അവിടെ നിന്നുള്ള തത്സമയ 3D ദൃശ്യങ്ങൾ വുഹാനിലെ കൺസോളിലേക്ക് കൈമാറുകയായിരുന്നു. അവിടെ നിന്ന് ഡോക്ടർ റോബോട്ടിക് കൈകളെ നിയന്ത്രിച്ച് ശസ്ത്രക്രിയ നടത്തി.

5G സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏകദേശം 200 മില്ലിസെക്കൻഡ് വൈകിയിലാണ് നിർദേശങ്ങൾ കൈമാറിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ ഡോക്ടർ സയ്യിദ് മുഹമ്മദ് ഗൗസിന് മെഡിക്കൽ രംഗത്ത് വ്യാപകമായ അഭിനന്ദനങ്ങൾ ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button