തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഉടൻ ഒഴിയില്ലെന്ന് കെ സുധാകരൻ. തന്നോട് ആരും മാറാൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാത്തിടത്തോളം കാലം മാറേണ്ട ആവശ്യമില്ല എന്നും സുധാകരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും രാഹുൽ ഗാന്ധിയുമായും ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ രാഷ്ട്രീയമാണ് ചർച്ചാവിഷയമായത് എന്നും സുധാകരൻ പറഞ്ഞു. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. അധ്യക്ഷൻ മാറുമെന്ന തരത്തിലുള്ള വാർത്തകൾ ആരാണ് പ്രചരിപ്പിക്കുന്നതെന്ന് നിങ്ങൾ കണ്ടുപിടിക്കൂവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ല. എല്ലാവരുമായി നല്ല ബന്ധമാണുള്ളത് എന്നും ആരെങ്കിലും വിചാരിച്ചാൽ അങ്ങനെ തന്നെ തൊടാനുമാകില്ല എന്നും സുധാകരൻ കൂട്ടിച്ചേർത്തു. കെപിസിസി അധ്യക്ഷപദവി സംബന്ധിച്ച് ഉടൻ ഒരു തീരുമാനം ഹൈക്കമാൻഡ് എടുക്കാനിരിക്കെയാണ് സുധാകരന്റെ ഈ പ്രതികരണം. ഇതോടെ നേതൃമാറ്റം കൂടുതൽ പ്രതിസന്ധിയിലാകും.
പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. കത്തോലിക്കാ സഭയും ഹെെക്കമാൻഡിന് മുന്നിൽ ആന്റോ ആന്റണി എംപിയുടെയും സണ്ണി ജോസഫ് എംഎൽഎയുടെയും പേരുകള്‍ നിർദേശിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ കണ്ടാണ് ബിഷപ്പുമാര്‍ നിലപാട് അറിയിച്ചത്. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്റെ പേര് ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.