‘അതിജീവിതയ്‌ക്ക് ഒരു പൊതി കൈമാറി, പക്ഷേ ഉള്ളിൽ എന്താണെന്ന് അറിയില്ല’; വെളിപ്പെടുത്തലുമായി രാഹുലിന്റെ സുഹൃത്ത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര കേസിൽ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത് ജോബി ജോസ്. ഒരു പൊതി താൻ അതിജീവിതയ്‌ക്ക് കൈമാറിയിരുന്നുവെന്നും അതിനുള്ളിൽ എന്തായിരുന്നുവെന്ന് തനിക്കറിയില്ലെന്നുമാണ് ജോബിയുടെ മൊഴി. രാഹുലിന്റെയും അതിജീവിതയുടെയും പൊതുസുഹൃത്താണ് തനിക്കത് നൽകിയതെന്നും ജോബി പറഞ്ഞു.

ജോബിയാണ് തനിക്ക് ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകിയതെന്നായിരുന്നു അതിജീവിതയുടെ മൊഴി. കേസിലെ രണ്ടാം പ്രതിയാണ് ജോബി. മുൻകൂർ ജാമ്യം ലഭിച്ച ഇയാളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യംചെയ്യലിനെത്തിയപ്പോൾ ഇയാൾ ഫോൺ കൊണ്ടുവന്നിരുന്നില്ല. ഫോൺ ഹാജരാക്കാത്ത പക്ഷം ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.

അതിജീവിതയുടെ മൊഴി ശരിവയ്‌ക്കുന്നതാണ് ജോബിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. രാഹുൽ വീഡിയോ കോൾ വഴി തന്നെ നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയായിരുന്നു എന്നാണ് അതിജീവിത നേരത്തേ നൽകിയ മൊഴി.അതേസമയം, ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റുതടഞ്ഞത് ഈ മാസം 21വരെ ഹൈക്കോടതി നീട്ടിയിട്ടുണ്ട്. ആദ്യ ബലാത്സംഗക്കേസിലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷിചേർക്കുകയും ചെയ്തു.

വിശദമായ മറുപടി സത്യവാങ്‌മൂലം നൽകാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതിജീവിതയുടെ അഭ്യർത്ഥന പരിഗണിച്ചശേഷമായിരുന്നു കോടതിയുടെ നടപടി. 21ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദവാദം കേൾക്കും. സത്യവാങ്‌മൂലത്തിൽ പറയുന്ന കാര്യങ്ങൾ കൂടി പരിഗണിച്ചശേഷമായിരിക്കും കോടതി മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *