വിവാഹമോചന കേസിനായി കോടതിയിലെത്തിയ ഭാര്യയെ ഭർത്താവ് തല്ലി; തടയാൻ ശ്രമിച്ച പിതാവിനും മർദനം

ലക്നൗ: വിവാഹമോചന കേസിനായി എത്തിയ ഭാര്യയെ കോടതിവളപ്പിൽവച്ച് തല്ലിച്ചതച്ച് ഭർത്താവ്. യുവതിയുടെ ബന്ധുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ കൂട്ടയടിയായി. പൊലീസും അഭിഭാഷകരും നോക്കിനിൽക്കെയാണ് സംഭവം. കോടതിവളപ്പിലെ സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്തു.
സെപ്തംബർ 24ന് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് കുടുംബ കോടതിയിലാണ് സംഭവം. വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് പ്രിയ ത്രിപാഠി ഭർത്താവ് മനീഷ് കുമാർ മിശ്രയും കോടതിയിലെത്തിയത്. പ്രിയ ത്രിപാഠിയുടെ പിതാവ് ലക്ഷ്മികാന്തും സഹോദരി പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. ഇവർ കോടതി മുറിയിൽ നിന്നിറങ്ങി താഴത്തെ നിലയിലെ ഹാളിലെത്തിയപ്പോൾ പ്രിയയുടെ ഭർത്താവ് മനീഷ് കുമാർ മിശ്രയും മറ്റൊരാളും ചേർന്ന് ഇവരെ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
മനീഷ് പ്രിയയുടെ മുടിയിൽ പിടിച്ച് വലിക്കുകയും നിലത്തേയ്ക്ക് തള്ളിയിടുന്നതും കഴുത്തി ഞെരിക്കാൻ ശ്രമിക്കുന്നതും മകളെ രക്ഷിക്കാൻ ഇടപെട്ട പിതാവിനെയും സഹോദരിയേയും ഇരുവരും ക്രൂരമായി മർദിക്കുന്നതും വീഡിയോയിൽ കാണാം. അഭിഭാഷകരും കോടതിയിലെത്തിയ മറ്റുള്ളവരും സംഭവം നോക്കിനിൽക്കുന്നതും മറ്റുചിലർ ഭർത്താവിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും കാണാം.
പിന്നീട് പൊലീസെത്തിയാണ് മനീഷിനെ പിടിച്ചുമാറ്റിയത്.സംഭവത്തിന് പിന്നാലെ പ്രിയ ത്രിപാഠി പൊലീസിൽ പരാതി നൽകി. കുടുംബ തർക്കവുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടായതായി ഇവർ പരാതിയിൽ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് മനീഷ് കുമാർ മിശ്രയേയും ഒപ്പമുണ്ടായിരുന്ന ആളയേയും അറസ്റ്റുചെയ്തു.



