ആശാവർക്കർമാരുടെ ഓണറേറിയം വർധന; ഇടതുസർക്കാരിനെതിരെ വീണ്ടും വിമർശനവുമായി പി.വി. അൻവർ

ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച യുഡിഎഫ് സർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ എം.എൽ.എ P. V. Anvar. ഈ നടപടിയെ “മല എലിയെ പ്രസവിച്ചത് പോലെ” എന്ന് വിശേഷിപ്പിച്ച് മുൻ ധനകാര്യ മന്ത്രിയുടെ പ്രതികരണം നിസ്സാരവൽക്കരിച്ചതായി വിമർശിച്ച അൻവർ, അതിനെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരെയും രൂക്ഷമായി വിമർശിച്ചു.

ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയകാരണം ജില്ലാ സെക്രട്ടേറിയറ്റുകൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും, പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ താൻ മുമ്പ് ഉന്നയിച്ച കാര്യങ്ങളാണ് പല ജില്ലാ നേതൃത്വങ്ങളും ചൂണ്ടിക്കാട്ടുന്നതെന്നും അൻവർ പറഞ്ഞു.

“സാധാരണക്കാരോടും യഥാർത്ഥ പാർട്ടി പ്രവർത്തകരോടും കഴിഞ്ഞ സർക്കാർ സ്വീകരിച്ച സമീപനമാണ് പരാജയത്തിന്റെ യഥാർത്ഥ കാരണം. അത് മനസ്സിലാക്കാൻ വലിയ രാഷ്ട്രീയ പാണ്ഡിത്യമൊന്നും വേണ്ട,” എന്നാണ് അൻവറിന്റെ വിമർശനം.

ആശാവർക്കർമാർ നടത്തിയ സമരത്തെ മുൻ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. “20 രൂപയുടെ ഒരു കുപ്പി വെള്ളം പോലും വാങ്ങിക്കൊടുക്കാതെ പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്തിയ സമീപനമാണ് ഇന്നത്തെ പരാജയകാരണങ്ങളിൽ ഒന്ന്,” എന്ന് അൻവർ ആരോപിച്ചു.

തിരുത്തലിന് തയ്യാറാകാത്ത ധാർഷ്ട്യമാണ് ഇടതുപക്ഷ നേതൃത്വത്തിന് ഇപ്പോഴും ഉള്ളതെന്നും, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയിലൂടെ തന്നെ അത് കേരളത്തിന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

“ജില്ലാ സെക്രട്ടേറിയറ്റുകൾ മുഴുവൻ എതിർക്കുന്ന സാഹചര്യത്തിൽ നിലവിലെ പ്രതിപക്ഷ നേതാവിന് എങ്ങനെ തുടരാനാകും?” എന്ന ചോദ്യവും അൻവർ ഉയർത്തി.

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാർട്ടിക്കുള്ളിൽ നടക്കുന്ന ആത്മപരിശോധന ചർച്ചകൾക്കിടെയാണ് അൻവറിന്റെ പ്രതികരണം വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button