സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസവും മഴ ശക്തമായിരിക്കുമെന്നും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കേരള തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം എന്നാണ് വിലയിരുത്തൽ. മുന്നറിയിപ്പിന്റെ ഭാഗമായി മെയ് 28 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
ഇതിനിടെ, ആലപ്പുഴ ജില്ലയിലെ അരൂരിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
ഉടൻ തന്നെ അദ്ദേഹത്തെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും ഇടിമിന്നലും കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



