കരുവാറ്റയിൽ ഗൃഹനാഥനെ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തി; 13കാരിയടക്കം നാലുപേർ കസ്റ്റഡിയിൽ

ഹരിപ്പാട്: കരുവാറ്റയിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഗൃഹനാഥനെ കൈകാലുകൾ തുണികൊണ്ട് കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുവാറ്റ ഒമ്പതാം വാർഡ് മാടപ്പുരയ്ക്കൽ പടീറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അമ്പലപ്പുഴ കരൂർ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ അടുത്ത ബന്ധുവായ 13കാരിയടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് കൗമാരക്കാരാണ് മറ്റ് കസ്റ്റഡിയിലുള്ളവർ. മോഷണത്തെത്തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറുപവൻ സ്വർണത്തെക്കുറിച്ച് 13കാരിക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വർണം മോഷ്ടിച്ച് വിറ്റ് ഐഫോണും ബൈക്കും വാങ്ങാനായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രതികൾ പെൺകുട്ടിക്ക് വീഡിയോ കോളിലൂടെ കാണിച്ചുനൽകിയതായും പൊലീസ് പറയുന്നു.
ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മകൾ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭാര്യയും ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയിരുന്നു. ഇതോടെ ശിവൻകുട്ടിയും ചെറുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാൽ കൊലപാതകം നടക്കുമ്പോൾ ചെറുമകൾ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം.
ഞായറാഴ്ച രാത്രിയാണ് പ്രതികൾ വീട്ടിലെത്തിയത്. ടോയ്ലെറ്റിന്റെ വെന്റിലേഷൻ വഴിയാണ് ഇവർ വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ശിവൻകുട്ടിയുടെ കൈകാലുകൾ വീട്ടിലുണ്ടായിരുന്ന തുണികൊണ്ട് കെട്ടിയ നിലയിലായിരുന്നു. കഴുത്തിൽ തുണി മുറുക്കിയ പാടുകളും കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമവും നടന്നതായി സൂചനയുണ്ട്. ശിവൻകുട്ടിയുടെ ശരീരത്തിലും വീട്ടിലും അലമാരയിലും മുളകുപൊടി വിതറിയ നിലയിലായിരുന്നു. വീട്ടിലെ അടുക്കളയിൽനിന്നാണ് മുളകുപൊടി എടുത്തതെന്നാണ് കണ്ടെത്തൽ. വീട്ടിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലും അലമാരകൾ കുത്തിത്തുറന്ന നിലയിലുമായിരുന്നു.
സംഭവസ്ഥലം ഒറ്റപ്പെട്ട പ്രദേശത്താണ്. വീടിന്റെ മുൻവശത്ത് മറ്റൊരു കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതിനാൽ പുറത്ത് നിന്നുള്ളവർക്ക് വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സാധ്യത കുറവായിരുന്നു. പൊലീസ് നായ പരിശോധനയ്ക്കിടെ ആദ്യം എത്തിയത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
കൊല്ലം പരവൂർ സ്വദേശിയായ ശിവൻകുട്ടിയും കുടുംബവും രണ്ടുവർഷം മുൻപാണ് കരുവാറ്റയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. വാടകവീടിന് സമീപം സ്ഥലം വാങ്ങി രണ്ട് പെൺമക്കൾക്കായി വീടുകൾ നിർമിച്ചുവരികയായിരുന്നു. ശിവൻകുട്ടിക്ക് മൂന്ന് മക്കളാണ്. ഒരു മകൻ നേരത്തെ മരിച്ചിരുന്നു. മറ്റൊരു മകൾ ശശികല വിദേശത്താണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



