മെസിയുടെ പേരിലെ കള്ളക്കളി; അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മുൻ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
സ്പോൺസറായി സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത് മുതൽ സ്റ്റേഡിയം കൈമാറിയതുവരെയുള്ള നടപടികളിൽ ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സർക്കാർ സംവിധാനങ്ങൾ ചട്ടം മറികടന്ന് കൈമാറുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഇപ്പോൾ ഉയരുന്ന പ്രശ്നങ്ങളിൽ പലതും തനിക്ക് അറിയില്ലെന്നും ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ കായിക മന്ത്രി തന്നെ കാര്യങ്ങൾ വിശദീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.
അതേസമയം, ഇടപാടുകൾ വഴി സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായില്ലെന്ന വാദവും അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളോടെ ചോദ്യം ചെയ്യപ്പെടുകയാണ്. സർക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഇടപാടുകൾ സൃഷ്ടിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്വകാര്യ കരാർ തർക്കത്തിൽ സംസ്ഥാന സർക്കാരിനെ കക്ഷിയാക്കിയതിലൂടെ കേരളത്തെ നിയമവ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്ന സാഹചര്യമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കിയെന്നും ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ വിമർശനമുണ്ട്.
കൂടാതെ, കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് വഴിയൊരുക്കുന്ന നടപടികൾ ഉണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ സംവിധാനങ്ങൾ ചട്ടങ്ങൾ മറികടന്ന് കൈമാറുകയും ഉപയോഗിക്കുകയും ചെയ്തതിൽ വിശദമായ പരിശോധന ആവശ്യമാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.



