സിനിമാ സെറ്റിൽ വച്ച് അച്ഛൻ മോഹൻലാലിനോട് മാപ്പ് പറഞ്ഞു, ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു മറുപടി

അഭിനയമികവിനൊപ്പം മോഹൻലാൽ എന്ന വ്യക്തിയുടെ മഹത്വം ജനങ്ങൾ തിരിച്ചറിയണമെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസൻ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വിമർശനങ്ങളെക്കുറിച്ചും ധ്യാൻ സംസാരിച്ചു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ വിദേശത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു ധ്യാൻ ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.

നമുക്കൊരിക്കലും മോഹൻലാൽ എന്ന നടനെപ്പോലെ ആകാൻ സാധിക്കില്ല. പക്ഷേ, ഒന്ന് ശ്രമിച്ചാൽ അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യനാകാൻ സാധിച്ചേക്കാം. നടൻ എന്നതിലുപരി മോഹൻലാൽ എന്ന മനുഷ്യനെ ആളുകൾ കൂടുതൽ മനസിലാക്കുന്നില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഒരു അഭിമുഖത്തിൽ എന്റെ അച്ഛൻ അദ്ദേഹത്തെക്കുറിച്ച് ചെറിയ കുത്തുവാക്കുകൾ പറഞ്ഞപ്പോഴും മറ്റൊരു അഭിമുഖത്തിൽ ഞാനതിനെ കൗണ്ടർ ചെയ്‌ത് പറഞ്ഞിരുന്നു.

അത്തരത്തിൽ ഒരുപാട് കുത്തുവാക്കുകൾ അദ്ദേഹം കേട്ടിട്ടുണ്ട്.കുറച്ച് ദിവസം മുമ്പ് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയതിന് ആദരിച്ചപ്പോൾ അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്, നമ്മൾ മോഹൻലാലിനെ വാനോളം പുകഴ്‌ത്തിയിട്ടുണ്ട് ഭൂമിയോളം താഴ്‌ത്തിയിട്ടുമുണ്ടെന്ന്. പക്ഷേ ഇന്നുവരെ അതിനൊന്നും മറുപടി കൊടുക്കാൻ അദ്ദേഹം നിന്നിട്ടില്ല. ഇത്തരം നെഗറ്റീവിറ്റികളെ പോസിറ്റീവ് ആയി കണ്ട് അതിനെയൊക്കെ ക്ഷമിച്ച് കളയാൻ അദ്ദേഹത്തിന് കഴിയും.

ഹൃദയപൂർവം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കുറേ വർഷങ്ങൾക്ക് ശേഷം ലാൽ സാറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞതിൽ വിഷമമുണ്ടോ, എന്നോട് ക്ഷമിക്കണം എന്നെല്ലാം അച്ഛൻ പറഞ്ഞു. എന്നാൽ, അതൊക്കെ വിടെടോ ശ്രീനീ എന്നാണ് ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞത്. ഇങ്ങനെ പറയാനുള്ള മനസ് ലോകത്ത് ഇദ്ദേഹത്തിനല്ലാതെ മറ്റാർക്കും ഉണ്ടാകില്ല. അതെല്ലാം നമുക്ക് അത്‌ഭുതമാണ്. എന്നെങ്കിലും ഒരിക്കൽ അച്ഛനെയും അദ്ദേഹത്തെയും ഒരുമിച്ച് എന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്നത് എന്റെ വലിയൊരു ആഗ്രഹമാണ് ‘ – ധ്യാൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *