“വ്യാജപ്രചാരണം ഇനി വച്ചുപൊറുപ്പിക്കില്ല; മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരോടെ പി.കെ. ശ്രീമതി”

കണ്ണൂർ: തനിക്കെതിരെ ചില ഓൺലൈൻ മാധ്യമങ്ങളും സാറ്റലൈറ്റ് ചാനലുകളും പത്രങ്ങളും വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് മുൻമന്ത്രി പി.കെ. ശ്രീമതി മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനയായി. പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര്യയെന്ന പേരിൽ കുടുംബ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് അവർ വ്യക്തമാക്കി.
വസ്തുതകൾ അന്വേഷിക്കാതെയും തന്റെ ഭാഗം കേൾക്കാതെയും ബോധപൂർവം അപകീർത്തിപ്പെടുത്താനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചതെന്ന് ശ്രീമതി ആരോപിച്ചു. “അമ്പത് വർഷമായി ഞാൻ പൊതുജീവിതത്തിലാണ്. ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതിലെ വസ്തുതയെക്കുറിച്ച് എന്നോട് ഒരുവാക്ക് പോലും ആരും ചോദിച്ചില്ല,” എന്നും അവർ പറഞ്ഞു.
വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആവശ്യമായ തെളിവുകൾ രണ്ട് ദിവസം മുമ്പ് തന്നെ ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചതായും ശ്രീമതി അറിയിച്ചു. ഒരു പൊതുപ്രവർത്തകയെ സമൂഹത്തിൽ അവമതിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രചാരണമെന്ന് ആരോപിച്ച അവർ, മുമ്പും പലതവണ തനിക്കെതിരെ സമാനമായ തെറ്റായ വാർത്തകൾ പ്രചരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.



