കെപിസിസിയുടെ വിലക്കിനും പുല്ലുവില! രമേശ് ചെന്നിത്തലയ്ക്കു വേണ്ടി പത്രപ്രസംഗം നൽകിയത് തിരുവനന്തപുരം ഡിസിസി സെക്രട്ടറി?

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകൾക്കും അവകാശവാദങ്ങൾക്കും കെപിസിസി കർശന വിലക്കേർപ്പെടുത്തിയതിന് പിന്നാലെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോർ പുതിയ വഴിത്തിരിവിലേക്ക്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൽ മുഴുവൻ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയാണ് പരസ്യ നൽകിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടം മുതൽ ഇന്നുവരെ നീളുന്ന രാഷ്ട്രീയ ജീവിതവും കോൺഗ്രസിനോടുള്ള സംഭാവനകളും വിശദമായി ചർച്ച ചെയ്യുന്ന രീതിയിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകനായിരുന്ന കാലത്ത് സൈക്കിളിൽ സഞ്ചരിച്ച് സംഘടന വളർത്തിയെടുത്തത് ഉൾപ്പെടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയിലെ വിവിധ ഘട്ടങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “ഞങ്ങളാരും സുപ്രഭാതത്തിൽ പൊട്ടിമുളച്ചവരല്ല” എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും പ്രധാനമായി ഉദ്ധരിച്ചിട്ടുണ്ട്.ഇതിനുമുമ്പ് പ്രതിപക്ഷ നേതാവ് വി . ഡി സതീശനെ ഭാവി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കമാൻഡ് നിർദേശപ്രകാരം കെപിസിസി പൊതുപ്രസ്താവനകൾക്കും പ്രചാരണങ്ങൾക്കും വിലക്കേർപ്പെടുത്തിയത്.എന്നാൽ പുതിയ സംഭവവികാസങ്ങൾ പാർട്ടിയുടെ അടിത്തട്ടിലുള്ള പ്രവർത്തകരിൽ വിലക്കുകൾക്ക് വലിയ സ്വാധീനമില്ലെന്ന സൂചന നൽകുന്നു. വാക്കാലുള്ള പ്രസ്താവനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പത്രപ്പരസ്യം പോലുള്ള മാർഗങ്ങൾ വഴി പിന്തുണ പ്രകടിപ്പിക്കുന്നതാണ് ഇപ്പോൾ കാണുന്നത്.പാർട്ടി നേതൃത്വങ്ങൾ ഐക്യത്തിന് പ്രാധാന്യം നൽകുന്ന സമയത്ത് ഇത്തരം നീക്കങ്ങൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ശക്തമാണെന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ ഇത്തരം ആഭ്യന്തര വടംവലികൾ മുന്നണിയുടെ ഏകോപനത്തെ എങ്ങനെ ബാധിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രധാന ചർച്ചാവിഷയം.അതേസമയം, ഇത്തരം പരസ്യപ്രകടനങ്ങൾ അച്ചടക്കലംഘനമായി കാണുമോ എന്നതിൽ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



