കർഷകരെ കൈവിടരുത്; പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് ടി. സിദ്ദിഖ്

എൽ-നിനോ പ്രഭാവവും കാലാവസ്ഥാ വ്യതിയാനവും മൂലം കേരളത്തിലെ കാർഷിക മേഖല നേരിടുന്ന കനത്ത പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാരിനോട് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിയമസഭയെ അറിയിച്ചു. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന എൽ നിനോ പ്രതിഭാസം കാരണം തിരുവാതിര ഞാറ്റുവേല സമയത്ത് പോലും പകലും രാത്രിയും അസഹനീയമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
മഴലഭ്യതയിൽ 20% മുതൽ 42% വരെ കുറവുണ്ടായത് കാർഷിക ഉത്പാദനത്തെ എല്ലാ ജില്ലകളിലും ഗുരുതരമായി ബാധിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്ന് പ്രത്യേക പാക്കേജ് ലഭ്യമാക്കാൻ മുഖ്യമന്ത്രി വ്യക്തിപരമായി താല്പര്യമെടുക്കുമെന്നും, പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്ന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്തിന് പുറമെ, വിപണിയിലെ പച്ചക്കറികളിൽ മാരകമായ അളവിൽ കീടനാശിനികൾ കണ്ടെത്തുന്ന അതീവ ഗൗരവകരമായ സാഹചര്യവും മന്ത്രി സഭയിൽ പങ്കുവെച്ചു. സംസ്ഥാനത്തെ വിവിധ ലാബുകളിൽ പരിശോധിച്ച 1,268 പച്ചക്കറി സാമ്പിളുകളിൽ 51 എണ്ണത്തിലും അനുവദനീയമായതിലും കൂടുതൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പരിഹാരമായി വിഷരഹിത ഭക്ഷ്യോൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ മുഴുവൻ തരിശുനിലങ്ങളും മാപ്പ് ചെയ്ത് കൃഷിയോഗ്യമാക്കും.
കൂടാതെ, കാർഷിക മേഖലയിൽ നിന്ന് അകന്നുപോകുന്ന യുവതലമുറയെയും വിദ്യാർത്ഥികളെയും മണ്ണിലേക്ക് തിരിച്ചെത്തിക്കാൻ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എല്ലാ സ്കൂളുകളിലും ‘കതിർ’ എന്ന പേരിൽ ബൃഹത്തായ പദ്ധതി ആരംഭിക്കുമെന്നും കൃഷിമന്ത്രി പ്രഖ്യാപിച്ചു. കതിർ ക്ലബ്ബുകൾ വഴി കുട്ടികൾക്ക് വിത്തും വളവും പരിശീലനവും നൽകുന്ന ഈ പദ്ധതിയെ ഭാവിയിൽ കാർബൺ ക്രെഡിറ്റ് സംവിധാനവുമായി ബന്ധിപ്പിക്കും.
ഐക്യരാഷ്ട്ര സംഘടന 2026-നെ അന്താരാഷ്ട്ര വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേരളത്തിലെ വനിതാ കർഷകരെ ഉൽപ്പാദന-വിപണന മേഖലകളിൽ മുൻനിരയിൽ എത്തിക്കാൻ അഞ്ചുവർഷം നീളുന്ന ‘കൃഷി സഖി’ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനൊപ്പം സംസ്ഥാനത്തെ എല്ലാ മണ്ണ് പരിശോധനാ ലാബുകളെയും ഡിജിറ്റൽ സംവിധാനത്തിലൂടെ ബന്ധിപ്പിച്ച് സാർവത്രിക സോയിൽ ടെസ്റ്റിങ് നടപ്പിലാക്കും.
പ്രളയവും വരൾച്ചയും മൂലം മണ്ണിലെ ഫെർട്ടിലിറ്റി നഷ്ടപ്പെടുന്നത് തടയാൻ പ്രത്യേക പദ്ധതികൾ കൊണ്ടുവരുന്നതിനൊപ്പം എക്സോട്ടിക് ഫലവിളകളുടെ കൃഷി, കോൾഡ് ചെയിൻ, വെയർഹൗസിങ് സൗകര്യങ്ങൾ എന്നിവയും വികസിപ്പിക്കും. തളർന്നുപോയ കർഷക കടാശ്വാസ കമ്മീഷൻ പുനരുജ്ജീവിപ്പിക്കുമെന്നും, മണ്ണിന്റെ മണമുള്ള കർഷകനെ ചേർത്തുപിടിച്ചാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി സഭയിൽ ഉറപ്പിച്ചു പറഞ്ഞു.



