പെരുമ്പാവൂരിൽ ലഹരിവേട്ട ശക്തം; യുവതി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മൂന്ന് പേർ പിടിയിൽ

കൊച്ചി: സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ നടപടികളുടെ ഭാഗമായി നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. കൊല്ലം സ്വദേശി മുഹഷീബും തൃശൂർ സ്വദേശി ആഷിക തൻവീറും എക്സൈസ് സംഘത്തിന്റെ പിടിയിലായതായി അധികൃതർ അറിയിച്ചു. ഇവരിൽ നിന്ന് 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ഇതിനുപുറമെ, പെരുമ്പാവൂരിൽ പരസ്യമായി ലഹരി വിൽപ്പന നടത്തിയിരുന്ന അസം സ്വദേശിനി നജ്മ ബീഗത്തെയും എക്സൈസ് അറസ്റ്റ് ചെയ്തു. ഇവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
അതേസമയം, മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരിക്കേസിലെ ഒരു പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവവും ആശങ്ക ഉയർത്തിയിരിക്കുകയാണ്. 19 ഗ്രാം എംഡിഎംഎയുമായി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്.
ഇന്നലെ വൈകിട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ജയിലിന് സമീപത്തെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനായി പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് അഴിച്ചപ്പോഴാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. പിന്നാലെ പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
നിരവധി ലഹരിക്കേസുകളിൽ പ്രതിയായ അമീറിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടികൾ ശക്തമാക്കിയ സാഹചര്യത്തിൽ തുടർച്ചയായി പുറത്തുവരുന്ന ഇത്തരം സംഭവങ്ങൾ വലിയ ആശങ്കയ്ക്കിടയാക്കുകയാണ്.



