അരുംകൂട്ടക്കൊല അരങ്ങേറുന്ന ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റിലൂടെയുള്ളയാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാർ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിർദേശങ്ങൾ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.
മേഖലയിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കലിനും മാനുഷിക നാശത്തിനും കാരണമായ ഇസ്രായേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ഉയരുന്നതിനിടെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത ആഴ്ച യുഎസ് സന്ദർശിക്കുമ്പോൾ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2023 ഒക്ടോബർ 7 ന് ഹമാസ് നേതൃത്വത്തിലുള്ള തീവ്രവാദികൾ ഇസ്രായേലിനെ ആക്രമിച്ച് 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഗാസയിൽ യുദ്ധം ആരംഭിച്ചതെന്ന് ഇസ്രായേൽ കണക്കുകൾ പറയുന്നു.
ഒക്ടോബർ 7 ന് ശേഷമുള്ള ഇസ്രായേലിന്റെ സൈനിക ആക്രമണത്തിൽ 56,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. ഈ ആക്രമണം ഗാസയിൽ പട്ടിണി പ്രതിസന്ധി കാരണമായി.
ഗാസയിൽ ഏതാണ്ടൊരു കൂട്ടക്കൊല തന്നെയാണ് നടക്കുന്നത്. 12 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 860 പേരാണ്. അതിൽ 549 പേരും മരിച്ചത് ഭക്ഷണ വിതരണ കേന്ദ്രത്തിലെ വെടിവയ്പിൽ. ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെത്തുന്നവരെ കൂട്ടമായി വെടിവച്ചുവീഴ്ത്തുക, എന്നിട്ട് അന്വേഷിക്കാമെന്ന് പറയുക. അതൊരു പതിവായിരിക്കുന്നു. ഖാൻ യൂനിസിൽ ഏഴ് ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു.