‘അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ’..; ശിവൻകുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി വിടി ബൽറാം
പാലക്കാട്: സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി കോൺഗ്രസ് നേതാവ് വിടി ബൽറാം. മന്ത്രി വി ശിവൻകുട്ടി 2024 ഏപ്രിൽ മാസത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച ‘ഒരു ചോദ്യം..ഈ പവർകട്ട് എന്ന് കേട്ടിട്ട് എത്രകാലമായി?’ എന്ന പോസ്റ്റാണ് വിടി ബൽറാം കുത്തിപ്പൊക്കി പരിഹസിച്ചത്. തൃത്താലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയായ വിടി ബൽറാം പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.
അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ എന്ന് ചോദിച്ചാണ് ബൽറാം പോസ്റ്റ് പങ്കുവച്ചത്. സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം പരിധിവിട്ടിരുന്നു. പ്രതിദിന ഉപഭോഗം 116.11 ദശലക്ഷം യൂണിറ്റായി ഉയർന്നിരുന്നു. എസി, ഫാൻ എന്നിവയ്ക്ക് വിശ്രമം നൽകാത്തതും പാചകവാതകക്ഷാമം കാരണം ഇൻഡക്ഷൻ കുക്കറിനെ ആശ്രയിക്കുന്നതുമാണ് വൈദ്യുതി ഉപഭോഗം കുത്തനേ കൂട്ടിയത്.ഇതോടെ സംസ്ഥാനത്ത് വിവിധ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാത്രി കാലങ്ങളിൽ 15 മിനിറ്റ് ലോഡ്ഷെഡിംഗ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ്ഡ് വാക്കാൽ നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. ഒരാഴ്ച മുമ്പ് തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ്ഷെഡ്ഡിംഗ് ആരംഭിച്ചിരുന്നു. പിന്നാലെ കൊച്ചി, തെക്കൻ മേഖലയിൽ വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിംഗ് നിലവിലില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.



