തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്! ടിവികെയെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യൽ മീഡിയ റീലുകളിലൂടെ വോട്ട് തേടാൻ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടി.വി.കെ അദ്ധ്യക്ഷനും നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ്ക്കും പാർട്ടിക്കും വേണ്ടി കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇത്തരം പ്രവൃത്തികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി കുടുംബബന്ധങ്ങളെയും കുട്ടികളെയും സ്വാധീനിക്കുന്നത് നിലവിലുള്ള തിരഞ്ഞെടുപ്പ് ചട്ടപ്രകാരം നിയമവിരുദ്ധമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം പ്രവണതകൾ നിരോധിക്കണമോയെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള കാരണമായി പരിഗണിക്കണമോയെന്നും പാർലമെന്റ് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും ജസ്റ്റിസ് ഡി. ഭാരത ചക്രവർത്തി നിരീക്ഷിച്ചു.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സേലം നോർത്ത് മണ്ഡലത്തിൽനിന്ന് വിജയിച്ച ടിവികെ എംഎൽഎ കെ ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ശിവകുമാറിനുവേണ്ടി കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.ഏപ്രിൽ 21ന് ചെന്നൈ നന്ദനത്തെ വൈ.എം.സി.എ മൈതാനിയിൽ നടന്ന പൊതുയോഗത്തിൽ വിജയ് നടത്തിയ പ്രസംഗമാണ് വിവാദത്തിന് തിരികൊളുത്തിയത്.

മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ടി.വി.കെക്കും പാർട്ടിയുടെ വിസിൽ ചിഹ്നത്തിനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്ന് വിജയ് കുട്ടികളോട് അഭ്യർത്ഥിച്ചതായി ഹർജിയിൽ പറയുന്നു. കുട്ടികൾ ചോക്ലേറ്റിനായി വാശിപിടിക്കുന്നതുപോലെ മാതാപിതാക്കളോട് ടിവിക്കെയ്ക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടണമെന്നായിരുന്നു വിജയ്‌യുടെ ആഹ്വാനം.

‘വിജയ് മാമ’യ്ക്കുവേണ്ടി അങ്ങനെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞതായി ഹർജിയിൽ ആരോപിക്കുന്നു.ഇതിന് പിന്നാലെ കുട്ടികൾ മാതാപിതാക്കളെ ടി.വി.കെക്ക് വോട്ട് ചെയ്യാൻ നിർബന്ധിക്കുന്ന നിരവധി റീലുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. ടി.വി.കെക്ക് വോട്ട് ചെയ്തില്ലെങ്കിൽ മാതാപിതാക്കൾക്ക് നേരെ ചാണകം എറിയുമെന്ന് ഭീഷണിപ്പെടുത്തുന്ന കുട്ടി, പിതാവിന്റെ ഭക്ഷണത്തിൽ വിഷം കലർത്തുമെന്ന് പറയുന്ന യുവതി, വോട്ട് ചെയ്യാൻ തയ്യാറായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന കുട്ടി തുടങ്ങിയ ദൃശ്യങ്ങൾ

ഇതിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് ആരോപണം.കുടുംബാംഗങ്ങളെ മർദിക്കുന്നതും മൊബൈൽ ഫോണും കണ്ണടയും തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും എതിർ രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കുന്ന മുതിർന്ന ബന്ധുക്കളോട് കുട്ടികൾ കയർത്തു സംസാരിക്കുന്നതുമായ ദൃശ്യങ്ങളും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. കുട്ടികളുടെ നിർബന്ധത്തെ തുടർന്നാണ് വിസിൽ ചിഹ്നത്തിന് വോട്ട് ചെയ്തതെന്ന് മുതിർന്നവർ പറയുന്ന വീഡിയോകളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ തനിക്കും പാർട്ടിക്കും വേണ്ടി പ്രചാരണം നടത്തിയ കുട്ടികൾക്ക് വിജയ് നന്ദി പറഞ്ഞതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.തിരഞ്ഞെടുപ്പ് റാലികളിലും പ്രചാരണ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ പാർട്ടി അദ്ധ്യക്ഷൻ എന്ന നിലയിൽ വിജയ് നടത്തിയ അഭ്യർത്ഥനയെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെയോ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ അഴിമതി കലർന്ന തിരഞ്ഞെടുപ്പ് പ്രവർത്തനമായി സ്വതവേ കണക്കാക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button