ഡികെ ശിവകുമാർ മന്ത്രിസഭയിൽ ഭിന്നത രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ മുനിയപ്പയും അതൃപ്തിയിൽ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർയുടെ മന്ത്രിസഭയിൽ ഭിന്നത രൂക്ഷമാകുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ വകുപ്പ് വിഭജനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.എച്ച്. മുനിയപ്പയും രംഗത്തെത്തി.
മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ തന്നെ വകുപ്പ് വിഭജനത്തിൽ അവഗണിച്ചെന്നാണ് മുനിയപ്പയുടെ ആരോപണം. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് നൽകിയെങ്കിലും സീനിയോറിറ്റിക്ക് അനുസരിച്ചുള്ള പ്രധാന വകുപ്പ് നൽകേണ്ടതായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിഷയത്തിലുള്ള അതൃപ്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
നേരത്തെ ബംഗളൂരു നഗര വികസന വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചത്. വകുപ്പ് നൽകാമെന്ന് ഡി.കെ. ശിവകുമാർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ മുഖ്യമന്ത്രിയായതിന് ശേഷം ആ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് റെഡ്ഡിയുടെ ആരോപണം.
പുതിയ മന്ത്രിസഭ രൂപീകരിച്ച് രണ്ടാം ദിവസം തന്നെ രാജിയും അതൃപ്തി പ്രകടനവും ഉണ്ടായതോടെ കർണാടക കോൺഗ്രസിൽ പ്രതിസന്ധി കടുക്കുകയാണ്. എം.എൽ.എയായും പാർട്ടി പ്രവർത്തകനായും തുടരുമെന്നും എന്നാൽ മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ലെന്നുമാണ് രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിരിക്കുന്നത്.



