വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തണം; ഹൈക്കോടതിയിൽ ഹർജിയുമായി ഷോൺ ജോർജ്

കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചു. വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.
കേന്ദ്ര സർക്കാർ 2025-ൽ പാസാക്കിയ വഖഫ് നിയമ ഭേദഗതി കേരളത്തിൽ അടിയന്തരമായി നടപ്പിലാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ മുസ്ലീം സമുദായാംഗങ്ങൾക്കു മാത്രമാണ് വഖഫ് ബോർഡിൽ അംഗത്വമുള്ളത്. ഈ സാഹചര്യം മാറ്റി ബോർഡിന്റെ ഘടന കൂടുതൽ ഉൾക്കൊള്ളുന്നതും സുതാര്യവുമാക്കേണ്ടതുണ്ടെന്നാണ് ഹർജിക്കാരന്റെ വാദം.
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഷോൺ ജോർജ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും വഖഫ് ബോർഡിന്റെയും നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.



