ക്യാബിനറ്റ് പദവി കിട്ടിയില്ല; അതൃപ്തി നേരിട്ടറിയിച്ച് മാണി സി. കാപ്പൻ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച!

ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ. മറ്റ് ഘടകകക്ഷികൾക്ക് അർഹമായ പരിഗണന ലഭിച്ചപ്പോൾ തന്നെ അവഗണിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിമർശനം. ഘടകകക്ഷികളോട് തുല്യ സമീപനം വേണമെന്നും യാതൊരുവിധ വേർതിരിവും കാട്ടരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഒരു എംഎൽഎ മാത്രമുള്ള സിഎംപിക്കും കേരള കോൺഗ്രസ് ജേക്കബിനും മന്ത്രിസ്ഥാനവും, ഫോർവേഡ് ബ്ലോക്കിലെ ജി. ദേവരാജന് കാബിനറ്റ് പദവിയും നൽകിയപ്പോൾ തന്നെ മറന്നുവെന്നാണ് മാണി സി കാപ്പന്റെ പരാതി. എൽഡിഎഫിലെ പ്രമുഖ നേതാവിനെ പരാജയപ്പെടുത്തി യുഡിഎഫിന് മുതൽക്കൂട്ടായ വിജയം നേടിയിട്ടും തനിക്ക് വേണ്ട പരിഗണന ലഭിച്ചില്ല. അതിനാൽ കാബിനറ്റ് പദവിയോടെ നോർക്ക വൈസ് ചെയർമാൻ സ്ഥാനം നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം

അതേസമയം, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുംബൈ കോടതിയിൽ നിന്നുള്ള ഉത്തരവ് നിലനിൽക്കുന്നതാണ് മാണി സി കാപ്പനെ കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കാത്തതിന് കാരണമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ ഈ വിഷയത്തിൽ മേൽക്കോടതിയിൽ നിന്ന് തനിക്ക് അനുകൂലമായ വിധി ലഭിച്ചിട്ടുണ്ടെന്നും, അതിനാൽ കാബിനറ്റ് പദവിക്ക് താൻ അർഹനാണെന്നുമാണ് മാണി സി കാപ്പന്റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button