വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു.
സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് രാജി സമർപ്പിച്ചതെന്ന് വിവരങ്ങൾ പറയുന്നു.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഹർജിയിൽ സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെ അദ്ദേഹം മുമ്പ് ഹാജരായിരുന്നതും വിവാദങ്ങൾക്ക് കാരണമായിരുന്നു. സ്വർണം വേർതിരിച്ചിട്ടില്ല എന്ന നിലപാടാണ് അന്ന് അദ്ദേഹം കോടതിയിൽ അവതരിപ്പിച്ചത്.
പ്രതികൾക്കായി ഹാജരായ അഭിഭാഷകനെ സർക്കാർ പ്ലീഡറായി നിയമിച്ചത് നിയമപരമായി തെറ്റല്ലെങ്കിലും ധാർമ്മികപരമായ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
വിവാദങ്ങൾ ശക്തമായതോടെ കെ.ബി. പ്രദീപ് സ്ഥാനമൊഴിയാൻ തീരുമാനിക്കുകയായിരുന്നു.



