കോൺഗ്രസിൽ വിഭാഗീയത കടുക്കുന്നു; തെരുവ് പ്രതിഷേധങ്ങൾക്കെതിരെ മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് വ്യാപിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി മുതിർന്ന നേതാക്കൾ. പ്രവർത്തകർ ഉടൻ തന്നെ ഇത്തരം പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
ഈ വിജയം ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ലെന്നും, കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തെറ്റും ശരിയും തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും, തെരുവ് യുദ്ധങ്ങളിൽ പ്രവർത്തകർ പങ്കെടുക്കരുതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. വിഷയത്തിൽ ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസിനകത്ത് ഇപ്പോൾ നടക്കുന്നത് കടുത്ത വിഭാഗീയ പ്രവർത്തനമാണെന്നും സംഘടനാ മര്യാദകൾ ലംഘിക്കപ്പെടുകയാണെന്നും എംപി രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. “തീക്കൊള്ളികൊണ്ട് തല ചൊറിയരുത്” എന്ന മുന്നറിയിപ്പുമായി അദ്ദേഹം നേതാക്കൾക്ക് സൂചന നൽകി.
ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയ സംഭവത്തെ അത്യന്തം ദുഃഖകരമാണെന്ന് വിശേഷിപ്പിച്ച ഉണ്ണിത്താൻ, ഇത്തരക്കാർ കോൺഗ്രസുകാരായി കണക്കാക്കാനാകില്ലെന്നും പറഞ്ഞു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ ആക്രമണങ്ങളെ ഭയന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മിണ്ടാതിരിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നേതാക്കൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അത് തെരുവിലേക്കെത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിച്ചാൽ അതിനെതിരെ എതിർ ശബ്ദങ്ങൾ ഉയരില്ലെന്ന ആത്മവിശ്വാസവും നേതാക്കൾ പങ്കുവെച്ചു.



