‘കുറ്റവാളികൾ മാന്യന്മാരാകാൻ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നു’; ആന്റോ അഗസ്റ്റിനെതിരെ നടപടി, വെള്ളാപ്പള്ളിയുടെ കടുത്ത പ്രതികരണം!

റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരായ സർക്കാർ നടപടിയെ അനുകൂലിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്രപ്രവർത്തന രംഗത്ത് വലിയ പാരമ്പര്യമുള്ള കേരളത്തിൽ, കോടീശ്വരന്മാരായ കുറ്റവാളികളും തട്ടിപ്പുകാരും മാധ്യമങ്ങൾ സ്വന്തമാക്കി മാന്യന്മാരാകാൻ ശ്രമിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം ‘യോഗനാദം’ വാരികയിലെ എഡിറ്റോറിയലിൽ വിമർശിച്ചു. മാധ്യമങ്ങളുടെ മറവിൽ എന്തും ചെയ്യാമെന്ന തെറ്റിദ്ധാരണയിലാണ് ഇത്തരം മാധ്യമ മുതലാളിമാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട്ടിലെ വിവാദമായ മരംമുറി കേസിൽ ജയിൽശിക്ഷ അനുഭവിച്ചവരാണ് ആന്റോ അഗസ്റ്റിനും സഹോദരങ്ങളുമെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന പേരിൽ കോടികളുടെ സാമ്പത്തിക വെട്ടിപ്പാണ് ഇവർ നടത്തിയത്.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കാനെന്ന പേരിൽ കോടികൾ മുടക്കുകയും സംസ്ഥാന സ്പോർട്സ് വകുപ്പിനെയും അന്നത്തെ മന്ത്രിയെയും ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ വിഡ്ഢികളാക്കുകയുമാണ് ചെയ്തത്. അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ സർക്കാരും ഇതിന് കൂട്ടുനിന്നതായി അദ്ദേഹം ആരോപിച്ചു.
ചാനൽ ഓഫീസിലെ റെയ്ഡിന്റെ പേരിൽ സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം തകർന്നുവെന്ന വാദങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു. മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ലെന്നും, അത്തരം തട്ടിപ്പുകാർക്കെതിരെ പോലീസ് നടപടിയെടുക്കുമ്പോൾ മാധ്യമസ്വാതന്ത്ര്യം പറഞ്ഞുവെക്കുന്നത് കുറ്റവാളികളെ വെള്ളപൂശുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
മാധ്യമങ്ങളിൽ പണംമുടക്കി വ്യാജവാർത്തകൾ നിർമ്മിച്ച് എതിരാളികളെ ഒതുക്കാൻ ശ്രമിക്കുന്ന കള്ളപ്പണക്കാരും പലിശരാജാക്കന്മാരും ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും ഇതിന് പിന്നിലുള്ള മറ്റ് വമ്പൻ സ്രാവുകളെക്കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.



