ദുരൂഹ സാമ്പത്തിക ഇടപാടിൽ ദിനേശ് ചെയർമാൻ പുറത്ത്

കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം ചെയര്‍മാന്‍ എം കെ ദിനേശ് ബാബുവിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി സംഘം ചെയര്‍മാന്റെ ചുമതല കണ്ണൂര്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി പ്രേം രാജിന് കൈമാറി. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംഘത്തില്‍ കോടികളുടെ അനധികൃത ഇടപാട് നടന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി.കേരള ദിനേശ് ബീഡി വര്‍ക്കേഴ്സ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കാണിച്ച് അഭ്യന്തരമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും ഡിസിസി പ്രസിഡൻ്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പരാതി നല്‍കിയിരുന്നു.ദിനേശ് ബീഡി തൊഴിലാളികളുടെ സഹകരണ സംഘങ്ങളുടെ കേന്ദ്ര സംഘമായ കേരള ദിനേശ് ബീഡി വര്‍ക്കേഴ്സ് സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 1 കോടി 70 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി DCC പ്രസിഡന്റ് ആരോപണം ഉന്നയിച്ചിരുന്നു.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മേല്‍ സംഘത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുമാണ് ദുരൂഹമായ സാമ്പത്തിക ക്രമക്കേട് നടന്നിരിക്കുന്നത്. ചെന്നൈയിലെ ശ്രീലക്ഷ്മി വെങ്കിടേശ്വര ഫൈനാന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ പേരിലാണ് പല തവണകളായി ലക്ഷങ്ങളുടെ ചെക്കുകള്‍ മുഖാന്തിരവും എക്‌സ് സര്‍വീസ്‌മെന്‍ കോ-ഓപ് സൊസൈറ്റി മുഖാന്തിരം 20 ലക്ഷം രൂപയും നല്‍കിയെന്നും സംഘവുമായി യാതൊരു ബന്ധവും ഇല്ലാത്ത സംസ്ഥാനത്തിന് പുറത്തെ സ്ഥാപനവുമായി നടത്തിയ ഇടപാടുകള്‍ നടന്നത് ജീവനക്കാരുടെ എതിര്‍പ്പിനെ മറികടന്നാണെന്നും മാര്‍ട്ടിന്‍ജോര്‍ജ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു
100 കോടി സാമ്പത്തിക സഹായം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു ഈ ഇടപാടുകള്‍ ആരംഭിച്ചത് .കേട്ട് കേള്‍വിയില്ലാത്ത വിധം സ്വകാര്യ കമ്പനിയുമായി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തിയ ഇടപാടുകള്‍ ഉന്നതരുടെ ഒത്താശയോടെയാണോ നടന്നിട്ടുള്ളത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബീഡി തൊഴിലാളികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നല്കാനുള്ള ആനുകൂല്യങ്ങള്‍ ഒന്നും നല്കാതെ യാത്രാബത്ത ഇനത്തില്‍ മാത്രം ചെയര്‍മാന്‍ കഴിഞ്ഞ ചുരുങ്ങിയ കാലത്തിനിടയില്‍ ലക്ഷങ്ങള്‍ എഴുതിയെടുത്ത് അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.



