ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

കേരളത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ വോട്ടു കച്ചവടത്തിന്റെ വിവരങ്ങൾ പുറത്താകുമെന്നും ബിജെപി വോട്ടുകൾ വ്യാപകമായി യുഡിഎഫിന് മറിച്ചു നൽകിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻപ് വടകരയിൽ കോലീബി സഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്നും, സമാനമായ കൂട്ടുകെട്ടാണ് ഇപ്പോൾ ബിജെപിയിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് യുഡിഎഫ് നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തുടനീളം സംഘപരിവാർ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. അയ്യപ്പ വിശ്വാസത്തിന്റെ ഭാഗമായ വാവരും അയ്യപ്പനും തമ്മിലുള്ള ഐതിഹാസികമായ ബന്ധം തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളീയരുടെ ദേശീയോത്സവമായ ഓണത്തെ വാമനജയന്തിയായി ചിത്രീകരിക്കാനും, ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ക്രിസ്ത്യാനികളാണെന്ന രീതിയിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും സംഘപരിവാർ ശ്രമിക്കുന്നുണ്ടെന്നും ഇത് മതസൗഹാർദ്ദം തകർക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് അധികാരത്തിൽ വരുമെന്നത് വെറും മോഹം മാത്രമാണെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യുഡിഎഫിനുള്ളിലെ തർക്കങ്ങൾ മേയ് നാലാം തീയതിയോടെ അവസാനിക്കുമെന്നും ഭരണം കിട്ടില്ലെന്ന് ഉറപ്പായതോടെ അവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പരിഹസിച്ചു. ദേവസ്വം ബോർഡ് ഫണ്ട് സർക്കാർ അപഹരിക്കുന്നു എന്നതുൾപ്പെടെയുള്ള കുപ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.



