റീലുകളുടെ പേരിൽ വിവാദം, സോഷ്യൽ മീഡിയയിൽ ആക്രമണം; സർക്കാർ സ്‌കൂൾ അദ്ധ്യാപിക രാജിവച്ചു

ഹൈദരാബാദ്: ഇൻസ്റ്റഗ്രാം റീലുകൾവഴി സ്വകാര്യ സ്‌കൂളിനെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് സസ്‌പെൻഷനിൽ കഴിഞ്ഞിരുന്ന സർക്കാർ സ്‌കൂൾ അദ്ധ്യാപക രാജിവച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മമ്മില്ലഗുഡെം ഹൈസ്‌കൂളിൽ അദ്ധ്യാപികയായ ഭുഖ്യ ഗൗതമിയാണ് ജോലി രാജിവച്ചത്. 12 വർഷമായി താൻ ഏറെ ഇഷ്‌ടത്തോടെ ചെയ്‌തിരുന്ന അദ്ധ്യാപനം തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അവർ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി.

ഇംഗ്ലീഷ് അദ്ധ്യാപികയായ ഗൗതമി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് രാജിവച്ച കാര്യം പരസ്യപ്പെടുത്തിയത്. വിവാദത്തിന് പിന്നാലെ നേരിട്ട വിമർശനങ്ങളും മാനസിക സമ്മർദവും കാരണം ഇനി ജോലിയിൽ തുടരാനാകില്ലെന്നും അവർ വീഡിയോയിൽ പറഞ്ഞു.സ്വകാര്യ സ്‌കൂളിലെ പ്രവേശന നടപടികൾ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഇൻസ്റ്റഗ്രാം റീലുകൾ പങ്കുവച്ചെന്നും ചുമതലകൾ അവഗണിച്ചെന്നും ആരോപിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ജനുവരിയിൽ ഗൗതമിയെ സസ്‌പെൻഡ് ചെയ്‌തത്.

എന്നാൽ, വിവാദമായ റീലുകൾ സ്‌കൂൾ സമയത്തല്ല ചിത്രീകരിച്ചതെന്നും സ്വന്തം വീട്ടിൽ നിന്നാണ് ചിത്രീകരിച്ചെന്നും ഗൗതമി വിശദമാക്കി. അദ്ധ്യാപികയെന്ന നിലയിലുള്ള ചുമതലകളിൽ ഒരിക്കലും വീഴ്‌ച വരുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.സസ്‌പെൻഷൻ കാലാവധി പൂർത്തിയായ ശേഷം വീണ്ടും നിയമനം ലഭിച്ചിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഭാഗത്തുനിന്ന് മാനസിക പീഡനവും അപമാനവും നേരിട്ടതായി ഗൗതമി ആരോപിച്ചു.

നിയമനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി അധികൃതരെ സമീപിച്ചപ്പോൾ മണിക്കൂറുകളോളം കാത്തിരുന്നിട്ടും കാണാൻ അനുവദിച്ചില്ലെന്നും പിന്നീട് ശാസിച്ചുവിട്ടെന്നുമാണ് ഗൗതമി പറയുന്നത്. ജോലിസ്ഥലത്തെ സമ്മർദത്തിനൊപ്പം സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളും തന്നെ മാനസികമായി തളർത്തിയെന്ന് അവർ പറഞ്ഞു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസി കുടുംബത്തിൽനിന്നുള്ള താൻ പിതാവിന്റെയും ഭർത്താവിന്റെയും പിന്തുണയോടെയാണ് അദ്ധ്യാപക മേഖലയിലെത്തിയതെന്ന് ഗൗതമി വ്യക്തമാക്കി. പിന്നാക്ക വിഭാഗത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button