സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഗതാഗത മന്ത്രി സിപി ജോൺ ഖേദം പ്രകടിപ്പിച്ചു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ വാക്കുകൾ ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ഔപചാരികമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രിയദർശിനി പദ്ധതി യുഡിഎഫ് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണെന്നും അത് കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും സർക്കാരിനില്ലെന്നും, എല്ലാ സ്ത്രീകൾക്കും വിവേചനമില്ലാതെ പ്രിയദർശിനി പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ആരുടെയും ഔദാര്യമല്ലെന്നും സർക്കാരിന്റെ അഭിമാന പദ്ധതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“പറയാൻ പാടില്ലാത്ത ചില വാക്കുകൾ ഇന്നലെ പറഞ്ഞിരുന്നു. അത് കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു. എന്റെ വാക്കുകൾ ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ഔപചാരികമായി ഖേദം പ്രകടിപ്പിക്കുന്നു. ജനങ്ങളുടെ വിമർശനം ഞാൻ ഉൾക്കൊള്ളുന്നു. അതിൽ എനിക്ക് യാതൊരു ഈഗോയും ഇല്ല,” എന്നും സിപി ജോൺ പറഞ്ഞു.



