മുദാക്കലില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

ആറ്റിങ്ങല്‍ : രാജ്യത്ത് വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്തുകയും പ്രതിഷേധത്തിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാല്‍, മുഖ്യമന്ത്രി വി. ഡി. സതീശന് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് തെരുവില്‍ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് മുദാക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അയിലം ജംഗ്ഷനില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
പ്രതിഷേധ മാര്‍ച്ച് കോണ്‍ഗ്രസ് നേതാവ് രാജശേഖരന് നായര്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം, സമാധാനപരമായ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് അഭിപ്രായപ്പെട്ടു.
മുദാക്കലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്. ഐഎന്‍ടിയുസി, മഹിളകോണ്ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രതിഷേധം.



