സൈബർ പോരായി മാറുന്ന കോൺഗ്രസ് ആഭ്യന്തര തർക്കം: നേതൃപദവിക്കായുള്ള ഏറ്റുമുട്ടൽ കടുപ്പത്തിൽ

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിപ്പദത്തെച്ചൊല്ലിയുള്ള തർക്കം സൈബർ ഇടങ്ങളിലേക്ക് പടരുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിക്കുന്നവർ തമ്മിലുള്ള പോര് അതിരുവിട്ടതോടെ കെപിസിസി ഇടപെടൽ ശക്തമാക്കി.

തങ്ങൾ പിന്തുണയ്ക്കുന്ന നേതാവിനെ ഉയർത്തിക്കാട്ടാനും മറ്റ് പ്രമുഖരെ വ്യക്തിഹത്യ ചെയ്യാനുമായി ആസൂത്രിതമായി നിർമ്മിച്ച 90 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കെപിസിസി കണ്ടെത്തി. മുഖ്യമന്ത്രി ചർച്ചകൾ സജീവമായതിന് പിന്നാലെയാണ് ഈ അക്കൗണ്ടുകളിൽ ഭൂരിഭാഗവും നിർമ്മിക്കപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. സോഷ്യൽ മീഡിയ കോഡിനേറ്റർ വിമല ബിനു, കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്തത് പുറത്തായതോടെ പാർട്ടി പ്രതിരോധത്തിലായി.

ഇതിൽ നടപടി വൈകുന്നതിനെച്ചൊല്ലി സൈബർ വിഭാഗത്തിന്റെ ചുമതലയുള്ള ഹൈബി ഈഡൻ എം.പിക്കെതിരെയും വിമർശനമുയർന്നു. ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈബി അറിയിച്ചതായാണ് സൂചന. സൈബർ പോര് വോട്ടുചെയ്ത ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് മുതിർന്ന നേതാക്കൾ ഭാരവാഹി യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇതോടെ സോഷ്യൽ മീഡിയ വഴിയുള്ള പ്രസ്താവനകൾക്കും ചർച്ചകൾക്കും പാർട്ടി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വ്യാജ ഐഡികൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും വീഴ്ച വരുത്തിയ ഭാരവാഹികൾക്കെതിരെയും കർശന അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *