“കോൺഗ്രസിൽ മുഖ്യമന്ത്രി പോര്: ചെന്നിത്തലയുടെ പത്രപരസ്യത്തിന് മറുപടിയുമായി സണ്ണി ജോസഫ്”

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയിലും രമേശ് ചെന്നിത്തലയെക്കുറിച്ച് വിശദമാക്കുന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന പരസ്യത്തിലും പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുഖ്യമന്ത്രി ചര്‍ച്ചയിൽ മാധ്യമങ്ങള്‍ക്കാണ് വിലക്ക് വരേണ്ടതെന്ന് പറഞ്ഞ സണ്ണി ജോസഫ് ചെന്നിത്തലയുടെ പരസ്യം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും.

ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് മന്ത്രി പറയുമ്പോഴും ജനങ്ങള്‍ക്ക് അനുഭവം ഉണ്ടെന്നും സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർക്കട്ട് യാഥാർഥ്യമാണ്. അടിസ്ഥാന രഹിതമായ അവകാശ വാദങ്ങൾ പൊളിഞ്ഞു. പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്‌നം എന്നും സണ്ണി ജോസഫ് ചോദിച്ചു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയിൽ മുതിര്‍ന്ന നേതാവ് വിഎം സുധീരനും പ്രതികരിച്ചു. ജനം പൊതു തീരുമാനത്തിൽ എത്തിയിട്ടുണ്ടെന്നും കോൺഗ്രസിന് എല്ലാവരുടെയും വോട്ടുകൾ കിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും വിഎം സുധീരൻ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിന് രീതിയുണ്ട്. തക്ക സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് സാധാരണയുള്ള രീതി. ഇത്തരം സന്ദർഭങ്ങളെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാൻ നേതൃത്വത്തിന് അറിയാമെന്നും വിഎം സുധീരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *