അമിത സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി; സുരക്ഷാ ഡ്യൂട്ടിയിലെ പൊലീസുകാരുടെ എണ്ണം വെട്ടിക്കുറച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇന്നലത്തെ ശാന്തിഗിരി സന്ദർശനത്തിൽ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചത് 92 പൊലീസ് ഉദ്യോഗസ്ഥരെ. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുകാരുടെ എണ്ണം വെട്ടിക്കുറച്ചു. അമിത സുരക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം മുഖ്യമന്ത്രി വി ഡി സതീശനുനേരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന കണക്കുക്കൂട്ടലിലാണ് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചത്. 22 എസ്‌ഐമാർ, 3 ഡിവൈഎസ്‌പിമാർ, മഫ്‌തിയിൽ അൻപതോളം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതായിരുന്നു സുരക്ഷാ സംഘം. നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല പൊലീസ് സബ് ഡിവിഷനുകളിലെ ഉദ്യോഗസ്ഥരാണിവർ.

കൂടുതൽപേരെ നിയോഗിച്ചത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് നെടുമങ്ങാട് സബ് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കുമാത്രം ചുമതല നൽകി ഉത്തരവ് പുറത്തിറക്കുകയായിരുന്നു.യാത്രകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള വലിയ വാഹനവ്യൂഹങ്ങളും അമിത സുരക്ഷാ വാഹനങ്ങളും ഒഴിവാക്കാൻ വി ഡി സതീശൻ നേരത്തെ നിർദേശം നൽകിയിരുന്നു. പൈലറ്റും എസ്‌കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നായിരുന്നു നിർദേശം.

മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കായി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നൽകിയ നിർദേശം. എസ്‌കോട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അതൊഴിവാക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തിരുന്നു. ഔദ്യോഗിക സന്ദർശനവേളയിൽ പൊലീസ് നൽകുന്ന ഗാർഡ് ഒഫ് ഓണർ തനിക്ക് വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button